ഡോ. വന്ദന ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം തുടരുമെന്ന് ഹൗസ് സര്‍ജന്‍സ്. ഒപി ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്ന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ അറിയിച്ചു.
ഡോ.വന്ദന ആക്രമിക്കപ്പെടുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും താലൂക്ക് ആശുപത്രികളില്‍ അടക്കം സുരക്ഷ വേണമെന്നും ഹൗസ് സര്‍ജന്‍സ് ആവശ്യപ്പെട്ടു. ഹൗസ് സര്‍ജന്മാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തി ഉത്തരവ് ഇറക്കണം, ഇക്കാര്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നും എച്ച് എസ്എ വ്യക്തമാക്കി.

 

അതേസമയം ഡോ. വന്ദന ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തിവന്ന സമരം പിൻവലിച്ചു. സംഘടനയുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി അനുഭാവപൂർവം പരിഗണിച്ചു. പിജി ഡോക്‌ടേഴ്‌സിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഓർഡിനൻസ് കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം മുഖവിലയ്‌ക്കെടുക്കുന്നതായി ഐഎഎ അറിയിച്ചു.

രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും കണക്കിലെടുത്തു. ഓർഡിനൻസ് കൊണ്ടുവരുന്നതിന് സർക്കാർ തന്നെ സമയപരിധി പറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിൽ ഒരുമണിക്കൂറിനകം എഫ്‌ഐആർ, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം, ഒരു വർഷത്തിനുള്ളിൽ സ്പെഷ്യൽ കോർട്ട് വഴി ശിക്ഷ എന്നിവയാണ് സംഘടനാ മുന്നോട്ട് വെക്കുന്ന നിർദേശം. മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ ആശങ്കകളും പരിഹരിക്കപ്പെടണം. പിജി ഡോക്ടർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷൻ വേണമെന്നും ഐഎഎ ആവശ്യപ്പെട്ടു.

നേരത്തെ ഡോ. വന്ദന ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തി വന്ന 48 മണിക്കൂർ പ്രതിഷേധ സമരം പിൻവലിച്ചിരുന്നു. ഇന്നത്തെ ഉന്നത തല യോഗത്തിൽ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ സർക്കാർ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
എന്നാൽ തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുന്നതാണെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here