ന്യൂഡല്‍ഹി: 2022ല്‍ യു.പി.എ.സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്.

933 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകള്‍ പെണ്‍കുട്ടികള്‍ നേടി. ആദ്യ പത്തില്‍ മൂന്ന് ആണ്‍കുട്ടികളും ഇടംപിടിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികളും ഇടംപിടിച്ചു. ആദ്യ പത്തില്‍ മലയാളിയായ ഗഹന നവ്യ ജയിംസ് (ആറാം റാങ്ക്) ഇടംനേടി. കൂടാതെ, വി.എം ആര്യ (36), ചൈതന്യ അശ്വതി (37), അനൂപ് ദാസ് (38), ഗൗതം രാജ് (63), മുഹമ്മദ് അഫ്സല്‍ (599), കാജല്‍ (910), ഷെറിൻ ഷഹാന (913) എന്നിവരാണ് സിവില്‍ സര്‍വിസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍
ഒന്നാം റാങ്ക് നേടിയ ഇഷിത കിഷോര്‍
കോട്ടയം ജില്ലയിലെ പാലാ പുലിയന്നൂര്‍ സ്വദേശിയായ ഗഹന നവ്യ ജയിംസ് പാലാ സെന്‍റ് തോമസ് കോളജ് അധ്യാപകൻ ജയിംസ് തോമസിന്‍റെയും അധ്യാപിക ദീപ ജോര്‍ജിന്‍റെയും മകളാണ്. പാലാ അല്‍ഫോണ്‍സ കോളജിലും സെന്‍റ് തോമസ് കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സെന്‍റ് തോമസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയൻസില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി.
മലപ്പുറം സ്വദേശി കാജല്‍
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി.എം. രണ്ടാം പരിശ്രമത്തിലാണ് ആര്യ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്. മലപ്പുറം സ്വദേശിയായ കാജല്‍ ആദ്യ പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. വയനാട് കമ്ബളക്കാട് സ്വദേശിയാണ് ഷെറിൻ ഷഹാന. മുഹമ്മദ് അഫ്സല്‍ ഇടുക്കി സ്വദേശി.
റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 10 പേര്‍
1. ഇഷിത കിഷോര്‍
2. ഗരിന ലോഹ്യ
3. ഉമ ഹാരതി എൻ.
4. സ്മൃതി മിശ്ര
5. മയൂര്‍ ഹസാരിക
6. ഗഹന നവ്യ ജയിംസ്
7. വസീം അഹമ്മദ് ഭട്ട്
8. അനിരുദ്ധ് യാദവ്
9. കനിക ഗോയല്‍
10. രാഹുല്‍ ശ്രീവാസ്തവ
ജനറല്‍- 345, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇ.ഡബ്ല്യു.എസ്) – 99, മറ്റ് പിന്നാക്ക വിഭാഗം (ഒ.ബി.സി)- 263, പട്ടിക ജാതി- 154, പട്ടിക വര്‍ഗം- 72 എന്നിവരാണ് വിവിധ വിഭാഗങ്ങളില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥികള്‍. ജനറല്‍- 89, ഇ.ഡബ്ല്യു.എസ് – 28, ഒ.ബി.സി- 52, പട്ടിക ജാതി- 5, പട്ടിക വര്‍ഗം- 4 എന്നിങ്ങനെ 178 പേരുടെ റിസര്‍വ് ലിസ്റ്റും യു.പി.എ.സി തയാറാക്കിയിട്ടുണ്ട്.
പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രല്‍ സര്‍വീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസസ് എന്നീ തസ്തികകളിലേക്കാണ് ട്രെയിനിങ്ങിന് ശേഷം ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത്.