കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ടാഴ്ചയിലേറെ മാത്രം അവശേഷിക്കേ കേരളത്തിലെ വിവിധ പാര്‍ട്ടികളിലെ സജീവപ്രവര്‍ത്തര്‍ക്ക് വേണ്ടത്ര ആവേശമില്ലെന്ന് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സിപിഎമ്മിനാണ് ആശങ്കയേറെ. പാര്‍ട്ടി അംഗങ്ങള്‍ പൂര്‍ണമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടില്ലെന്ന വിലയിരുത്തലിനെതുടര്‍ന്ന് ലോക്കല്‍ കമ്മിറ്റികളുടെ ജനറല്‍ ബോഡി വിളിക്കാന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 70 ശതമാനം പ്രവര്‍ത്തകര്‍ മാത്രമെ ഇതുവരെ സജീവമായിട്ടുള്ളൂവെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പ്രവര്‍ത്തനങ്ങളില്‍ സജീവമാകാത്ത പ്രവര്‍ത്തകര്‍ അടിയന്തരമായി രംഗത്തിറങ്ങണമെന്നാണ് നിര്‍ദേശം. ഇതിനായി അതത് ജില്ലാ സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണമെന്നും സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

ബൂത്തുകമ്മിറ്റി സെക്രട്ടറിമാര്‍ മെയ് ഒന്നു മുതല്‍ മറ്റെല്ലാ ജോലികളില്‍ നിന്നും അവധിയെടുത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവണം. പാര്‍ട്ടി അംഗങ്ങള്‍ മെയ് 10 മുതല്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ അവരവരുടെ ബൂത്ത് അതിര്‍ത്തിയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഓരോ ബൂത്ത് അതിര്‍ത്തിയിലും 25 വീതം വീടുകളുടെ ചുമതല രണ്ട് പാര്‍ട്ടി അംഗങ്ങള്‍ വീതം ഏറ്റെടുത്ത് തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇവരെ ബോധവല്‍ക്കരിച്ച് വോട്ട് ചെയ്യിക്കുന്നതടക്കമുളള പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുള്ള അംഗങ്ങള്‍ ചുക്കാന്‍ പിടിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു.

വോട്ടര്‍മാരെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഈഴവ സമുദായ അംഗങ്ങളുടെ വീട്ടില്‍ എത്തുന്ന അംഗങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍റെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ബിഡിജെഎസിന്‍റെ ലക്ഷ്യം എന്താണെന്ന് തുറന്നു കാട്ടണമെന്നും നിര്‍ദേശമുണ്ട്. സിപിഎമ്മിനും എല്‍ഡിഎഫിനും ലഭിച്ചുകൊണ്ടിരിക്കുന്ന ഈഴവ സമുദായങ്ങളുടെ വോട്ടുകള്‍ ബിജെപിക്കും ബിഡിജെഎസിനും പോവുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഈ വോട്ടുകള്‍ എല്‍ഡിഎഫിനു തന്നെ ലഭിക്കാനുള്ള പ്രവര്‍ത്തനം നടത്തണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എസ്എന്‍ഡിപി ശാഖകളുടെ യോഗങ്ങളില്‍ ബിഡിജെഎസ്ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ട് തേടിയെത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിലും സ്ഥിതിഗതികള്‍ വ്യത്യസ്ഥമല്ല. നേതാക്കളുടെ ഉപഗ്രങ്ങളായി നടക്കുന്നവരും അവരുടെ പരിചാരകരും മാത്രമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സജീവമായിട്ടുള്ളു എന്നാണ് നേതൃത്വം പറയുന്നത്. ഓരോ സ്ഥലത്തും ജാഥയ്ക്കും പ്രചാരണത്തിനും വലിയ തുക മുടക്കേണ്ടിവരുന്നു എന്നും നേതൃത്വം പറയുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ നേതൃത്വങ്ങള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബിജെപി, കേരള കോണ്‍ഗ്രസ്, ജനതാദള്‍, കേരള കോണ്‍ഗ്രസ് എസ് തുടങ്ങി ഇരുമുന്നണികളിലെയും ഘടകക്ഷികളുടെയും അവസ്ഥ വ്യത്യസ്ഥമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here