അസറ്റ് ഹോംസ് ബിഎസ്എഫ് പ്രഭാഷണ പരമ്പരയില്‍ പരിസ്ഥിതിദിന പ്രഭാഷണം സംഘടിപ്പിച്ചു

കൊച്ചി: പുഴകള്‍ക്ക് പുതുജീവന്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി പ്രശ്‌നം മാത്രമായി കാണുന്നതിനു പകരം പുഴയോട് ബന്ധപ്പെട്ട പാട്ടുകളും കഥകളും മറ്റ് സാംസ്‌കാരിക ഈടുവയ്പുകളും തിരിച്ചുപിടിക്കുന്നതിലൂടെയാണ് ചെയ്യേണ്ടതെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പ്രസിഡന്റായ ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ ജനറല്‍ സെക്രട്ടറിയും വയലി ഫോക് ലോര്‍ ഗ്രൂപ്പ് അമരക്കാരനും എന്‍ജിനീയറുമായ വിനോദ് നമ്പ്യാര്‍ പറഞ്ഞു. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് (ബിഎസ്എഫ്) പ്രഭാഷണപരമ്പരയിലെ 25-ാമത് പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴ ഉള്‍പ്പെടെയുള്ള പ്രകൃതിസമ്പത്തുകള്‍ പുതിയ തലമുറയെ പരിചയപ്പെടുത്താതിരുന്നതിന് താനുള്‍പ്പെടുന്ന മുതിര്‍ന്ന തലമുറ കുറ്റക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. എന്തായിരുന്നു പുഴ, എന്താണ് പുഴ എന്ന് കുട്ടികളെ പഠിപ്പിക്കാന്‍ അവരെ പുഴകള്‍ കാണിച്ചു കൊടുക്കണം, പുഴകളെപ്പറ്റിയുള്ള പാട്ടുകളും കഥകളും കേള്‍പ്പിക്കണം. അപ്പോള്‍ നമ്മള്‍ ചോദിക്കാതെ തന്നെ ഭാവിയില്‍ എന്താകണം പുഴ എന്ന മൂന്നാമത്തെ ചോദ്യം അവര്‍ സ്വയം ചോദിക്കും. ഭാരതപ്പുഴയെപ്പറ്റി ഇതുവരെ 36 ഗവേഷണ പ്രബന്ധങ്ങളുണ്ടായിട്ടുണ്ട്. അതേസമയം ഭാരതപ്പുഴയിലെ മണലും ചരലും കളിമണ്ണും ആളുകള്‍ വാരിക്കൊണ്ടുപോയി, പാറ മാത്രം ബാക്കിയായി. പുഴ മുഴുവന്‍ ആളെ മൂടുന്ന ഉയരത്തില്‍ പുല്‍ക്കാട് വളര്‍ന്നു.

അരവിന്ദന്റെ തമ്പ് എന്ന സിനിമയില്‍ ഭാരതപ്പുഴ ഒരു കഥാപാത്രം തന്നെയായിരുന്നു. നമ്മുടെ ഒട്ടേറെ സിനിമകളില്‍ ഭാരതപ്പുഴ പശ്ചാത്തലമായി. ഭാരതപ്പുഴയെപ്പറ്റി വള്ളത്തോള്‍ മുതല്‍ എഴുതിയ 75ഓളം കവിതകളും സമാഹരിക്കാനായി. പുഴകളെ ഇത്തരം സാമൂഹ്യസന്ദര്‍ഭങ്ങളിലൂടെ അറിയുകയും അറിയിക്കുകയുമാണ് പുഴകളുടെ നിലനില്‍പ്പിന് നിര്‍ണായകമാവുകയെന്നും അദ്ദേഹം പറഞ്ഞു. അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി പ്രസംഗിച്ചു.

ഫോട്ടോ – ആഗോള പരിസ്ഥിതിദിനത്തില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണപരിപാടിയില്‍ നദീസൗഹൃദസമിതി പ്രവര്‍ത്തകന്‍ വിനോദ് നമ്പ്യാര്‍ പ്രസംഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here