തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പിണറായി-വിഎസ് സംഘര്‍ഷം വീണ്ടും ശക്തമാകുമെന്ന പ്രചാരണങ്ങള്‍ക്കിടെ അധികാരവിഭജനം പൂര്‍ത്തിയായെന്ന മട്ടില്‍ അഭ്യൂഹങ്ങള്‍. ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുന്നത് മത്സര രംഗത്തുള്ള ഏക പൊളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയനായിരിക്കുമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ ധാരണയായെന്നാണ് പ്രചാരണം. പ്രതിപക്ഷ നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായി വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ശ്രമിക്കുകയോ വാദിക്കുകയോ ചെയ്യില്ല എന്നും പ്രചാരണമുണ്ട്. പാര്‍ട്ടിയിലെയും നിയമസഭയിലെയും ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയില്‍ സഭയ്ക്കുള്ളില്‍ ഒന്നാം നിരയില്‍ ഇരിപ്പിടവും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കമുള്ളതുപോലെ സഭാ മന്ദിരത്തില്‍ പ്രത്യേക ഓഫീസുമുണ്ടാകും. അത് ഔദാര്യമായിരിക്കില്ല. പകരം ക്യാബിനറ്റ് പദവിയുള്ള ഇടതുമുന്നണി ചെയര്‍മാന്‍ ആയിരിക്കും വി എസ്. നിലവില്‍ മുന്നണിക്ക് കണ്‍വീനറാണ് ഉള്ളത്. യുഡിഎഫില്‍ മുഖ്യമന്ത്രിയെത്തന്നെയാണ് മുന്നണി ചെയര്‍മാനായി പരിഗണിക്കുന്നത്. യുപിഎ സര്‍ക്കാരില്‍ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കാതെ വന്നപ്പോള്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കുകയും സോണിയ ക്യാബിനറ്റ് റാങ്കുള്ള യുപിഎ അധ്യക്ഷയാവുകയും ചെയ്തിരുന്നു. ആ മാതൃകയിലാണ് സിപിഎം വി എസിനെ പരിഗണിക്കുക.

ഒപ്പം പിബിയില്‍ വി എസിനെ സ്ഥിരം ക്ഷണിതാവാക്കുകയും ചെയ്യും. ഇവയ്ക്കു പുറമേ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തില്‍ വി എസിനെക്കുറിച്ച് ‘പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ളയാള്‍’ എന്നുവന്ന പരാമര്‍ശവും സംഘടനാപരമായ നടപടിക്രമങ്ങള്‍ പാലിച്ച് നീക്കം ചെയ്യും. കേരളത്തിലെ ഔദ്യോഗിക നേതൃത്വവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും തമ്മില്‍ വി എസിന്റെ വിഷയത്തില്‍ വിശദമായ ആശയ വിനിമയം നടത്തിയാണ് ഇക്കാര്യങ്ങളില്‍ ധാരണയായത് എന്നാണു വിവരം. ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ തര്‍ക്കം ഒഴിവാക്കാന്‍ ആദ്യം ഒരു വര്‍ഷം വി എസിനെ മുഖ്യമന്ത്രിയാക്കുമെന്നും പിന്നീട് പിണറായി മുഖ്യമന്ത്രിയാകുമെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ എല്ലാ സംശയങ്ങള്‍ക്കും അന്ത്യം കുറിക്കുന്ന ധാരണ രൂപപ്പെട്ടത്. വി എസ് മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ച യാത്രയ്ക്ക് ഓരോ കേന്ദ്രങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ സ്വീകാര്യത ഇടതുവിജയത്തിനു കൂടുതല്‍ സഹായകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here