ആലപ്പുഴ : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നിഖില്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. പതിനാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ചയാണ് കോടതി അനുവദിച്ചത്. ഒളിവില്‍ കഴിഞ്ഞ സ്ഥലം തുടങ്ങിയ സ്ഥലങ്ങളില്‍ നിഖില്‍ തോമസിനെ എത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

നിഖിൽ തോമസ് പോലീസിനോട് എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ നേതാവായ അബിൻ സി രാജാണെന്നും ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണെന്നും ഇയാൾ പറഞ്ഞു. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജാണെന്നും നിഖില്‍ ​മൊഴി നൽകി.

ഒളിവില്‍ പോയ രാത്രി ഫോണ്‍ ഓടയില്‍ കളഞ്ഞെന്നാണ് നിഖില്‍ പറയുന്നത്. മുഴുവന്‍ യാത്രകളും നടത്തിയത് കെഎസ്ആര്‍ടിസി ബസ്സില്‍ തനിച്ചാണ്. കയ്യിലെ പണം തീര്‍ന്നതു മൂലമാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താനായിരുന്നു തീരുമാനമെന്നും നിഖില്‍ മൊഴി നല്‍കി.

കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പോലീസിനു വിവരം ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here