കൊച്ചി: ജന്മനാ ശ്രവണശേഷിയില്ലാത കുട്ടികൾക്ക് വിപിഎസ് ലേക്‌ഷോർ നടത്തിയ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ വിജയം പ്രശസ്ത നടൻ രമേശ് പിഷാരടിക്കൊപ്പം കുട്ടികൾ ആഘോഷിച്ചു. ലേക്‌ഷോറിൻ്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് അർഹതപ്പെട്ട 6 കുട്ടികൾക്ക് സർജറി നടത്തിയത്. ‘സ്നേഹസ്വരം’ എന്ന സൗജന്യ കോക്ലിയർ ഇംപ്ലാന്റ് പദ്ധതിയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്. പൂർണമായും വിജയകരമായ ശസ്ത്രക്രിയയുടെ സ്വിച്ച് ഓൺ കർമ്മവും പൂർത്തിയായി. തുടർന്നുള്ള ഓഡിറ്ററി വെർബൽ തെറാപ്പിയും (Auditory Verbal Therapy) വിപിഎസ് ലേക്‌ഷോർ സൗജന്യമായി നൽകും.

ചടങ്ങിൽ മാനേജിങ് ഡയറക്ടർ ശ്രീ എസ് കെ അബ്ദുള്ള, സീനിയർ കൺസൾട്ടന്റും ഇഎൻടി വിഭാഗ മേധാവിയുമായ ഡോ. ഇടിക്കുള കെ മാത്യൂസ്, പ്രശസ്ത നടൻ രമേശ് പിഷാരടി, ഡയറക്ടർ ഓഫ് മെഡിക്കൽ സർവീസസ് ഡോ. എച്ച് രമേശ്, സീനിയർ രജിസ്ട്രാറും കോക്ലിയർ ഇംപ്ലാൻ്റ് സർജനുമായ ഡോ. ലക്ഷ്മി രഞ്ജിത്ത് എന്നിവർക്കൊപ്പം ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു.

ലേക്‌ഷോറിൻ്റെ ‘സ്നേഹസ്വരം’ പദ്ധതിയുടെ ഭാഗമാകുവാൻ താത്പര്യമുള്ള ഏതൊരു വ്യക്തിയോടും സംഘടനയോടും സഹകരിക്കുവാൻ തയ്യാറാണെന്ന് വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ ശ്രീ എസ് കെ അബ്ദുള്ള അറിയിച്ചു.
നല്ലകാര്യങ്ങളിൽ പങ്കുചേരുന്നത് മനുഷ്യന്റെ കർത്തവ്യമാണ്. വിപിഎസ് ലേക്‌ഷോറിൻ്റെ ഈ സത്പ്രവൃത്തിക്കൊപ്പം നിൽക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും, തുടർന്നും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രമുഖ നടൻ ശ്രീ രമേശ് പിഷാരടി അറിയിച്ചു.
കോക്ലിയർ ഇംപ്ലാൻ്റ് സർജനായ ഡോ. ലക്ഷ്മി രഞ്ജിത്തും ഓഡിയോളജിസ്റ്റ് ജെനീഷയും നടത്തിയ ഓടിറ്ററി വെർബൽ തെറാപ്പി ടെസ്റ്റിൽ സർജറി നടത്തിയ 6 കുട്ടികളും നന്നായി പ്രതികരിച്ചതിന് സദസ്സ് കൈയടിച്ചു.

എന്താണ് കോക്ലിയർ ഇംപ്ലാൻ്റ്

പൂർണമായും ശ്രവണശേഷിയില്ലാത കുട്ടികളിലാണ് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നത്. സി.ടി., എം.ആർ.ഐ തുടങ്ങിയ സ്കാൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോക്ലിയർ ഇംപ്ലാന്റ് ഗുണകരമാകുമോ എന്ന് നിശ്ചയിക്കുന്നത്. കുറഞ്ഞത് ആറ് മാസമെങ്കിലും പ്രായമുള്ളവരിലെ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്താൻ സാധിക്കുകയുള്ളൂ. ജന്മനാ കേൾവിശക്തിയില്ലാത്ത കുട്ടികളിൽ രണ്ടു വയസ്സിനു മുമ്പേ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. ശസ്ത്രക്രിയയ്ക്ക് മൂന്ന് ആഴ്ച ശേഷമാണ് കോക്ലിയർ ഡിവൈസ് സ്വിച്ച് ഓൺ ചെയ്യുക. സ്വിച്ച് ഓൺ പ്രക്രിയക്ക് ശേഷം കോക്ലിയർ ഡിവൈസിൻ്റെ സഹായത്തോടുകൂടി കുട്ടിക്ക് ചെറിയ തോതിലുള്ള ശബ്ദങ്ങൾ കേൾക്കാനാവുന്നതാണ്, ക്രമേണ കോക്ലിയർ ഡിവൈസിൻ്റെ ശക്തി കൂട്ടുന്നതിലൂടെ ശ്രവണ ശേഷി വർദ്ധിക്കും. സ്വിച്ച് ഓൺ പ്രക്രിയക്ക് ശേഷം കുട്ടിക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം എ.വി.ടി അഥവ ഓടിറ്ററി വെർബൽ തെറാപ്പി നൽകേണ്ടതുണ്ട്. തെറാപ്പി നൽകുന്നത് കുട്ടിയുടെ സംസാരശേഷി കൂടുതൽ വേഗത്തിൽ മെച്ചപ്പെടാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here