ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രോജക്ടുകളുടെ പ്രദര്ശനം പ്രിന്‍സിപ്പാള്‍ ഡോ ജോസ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. പി ജി ഡീന്‍ ഡോ ജോബിന്‍ എം.വി, വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് കെ കെ അബ്ദുള്‍ റസ്സാക്ക് എന്നിവര്‍ പ്രസംഗിച്ചു. പ്രകൃതിദത്ത ചേരുവകള്‍ കൊണ്ടുള്ള ഇഷ്ടികയ്ക്ക് ക്ഷാമം നേരിടുമ്പോള്‍ മികച്ച കംപ്രസ്സിവ് സ്‌ട്രെങ്ത്ത്, ജല ആഗിരണം തുടങ്ങിയ സവിശേഷതകളോടെ വസ്ത്ര മാലിന്യങ്ങളും കളിമണ്ണും നിശ്ചിത അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി വേവിച്ച ഇഷ്ടിക നിര്‍മിക്കുന്ന പ്രൊജക്റ്റാണ് അവസാന വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത വയര്‍ലെസ്സ് ഇലക്ട്രിക്ക് ചാര്‍ജിങ് സിസ്റ്റമാണ് പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു പ്രൊജക്റ്റ്. ഓട്ടോമാറ്റിക് പേഷ്യന്റ് ട്രാന്‍സ്‌ഫെറിങ് സ്ട്രെച്ചര്‍, സിംഗിള്‍ പ്‌ളേലോയ്ഡ് ഡ്രോണ്‍ ,വൈദ്യുത വിശ്‌ളേഷണത്തിലൂടെ സമുദ്രജലത്തിലെ ഹൈഡ്രജന്‍ നീക്കം ചെയ്ത് ജലം ശുദ്ധീകരിക്കുന്ന റിവേഴ്സ് ഓസ്മോസിസ് സംവിധാനം, മെഷീന്‍ ലേണിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇമേജിങ്ങ് പ്രോസസിങ്ങിലൂടെ റെയില്‍വേ ട്രാക്കിലെ തടസങ്ങള്‍ മുന്‍കൂട്ടി അറിയിച്ച് സുരക്ഷ മെച്ചപ്പെടുത്തുവാനുള്ള ട്രെയിന്‍ കൊളീഷന്‍ സംവിധാനം തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു.

ഒന്നിലധികം പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളായ കാറ്റ്, സൗരോര്‍ജ്ജം എന്നിവ ഒരു പോര്‍ട്ടബിള്‍ യൂണിറ്റിലേക്ക് സംയോജിപ്പിച്ച് റിച്ചാര്‍ജ് ചെയ്യാവുന്ന ഏ.സി, ഡി.സി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മോഡുലാര്‍ ഹൈബ്രിഡ് സോളാര്‍-വിന്‍ഡ് പവര്‍ പ്ലാന്റും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ദുരന്ത നിവാരണ, സൈനിക വിദൂര സൈറ്റുകളില്‍ ഇത്തരം പോര്‍ട്ടബിള്‍ യൂണിറ്റുകള്‍ക്ക് ഏറെ ഉപയോഗമാണുള്ളത്.

രണ്ടു പേര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന നാലു ചക്ര ഇലക്ട്രിക് ബഗ്ഗികള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കി ഉയര്‍ന്ന ക്ഷമതയുള്ള സൗരോര്‍ജ്ജ ബാറ്ററി ഘടിപ്പിച്ച ഇലക്ട്രിക് ബഗ്ഗികളും പോര്‍ട്ടബിള്‍ സോളാര്‍ പവര്‍ പ്ലാന്റുമാണ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. തലച്ചോറിലോ തലയോട്ടിയിലോ ഉള്ള ബ്രയിന്‍ ട്യൂമറുകളുടെ അവസ്ഥ കൃത്രിമബുദ്ധി ഉപയോഗിച്ച് നിര്‍ണ്ണയിക്കാനുള്ള കമ്പ്യൂട്ടര്‍ എയ്ഡഡ് ഡയഗ്നോസിങ് സിസ്റ്റം, കുട്ടികളുടെ പഠനവൈകല്യം കണ്ടെത്താനുള്ള ഡീപ് ലേണിംഗ് സിസ്റ്റം എന്നിവയും ആരോഗ്യരംഗത്ത് നവ തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ ഉതകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here