കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കത്തുന്ന പ്രചാരണായുധമായി പെരുമ്പാവൂരിലെ ജിഷയുടെ മരണം ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് സിപിഎമ്മിനെ വിലക്കുന്നത് സ്ഥലം എംഎല്‍എ സാജു പോളിന്‍റെ അപഹാരം. സാജു പോള്‍ എം.എല്‍.എയില്‍ തട്ടി അന്തിച്ചുനില്‍ക്കുകയാണ് സി.പി.ഐ.എമ്മും ഇടതുപക്ഷവും. സാജു പോള്‍ എം.എല്‍.എ കേരളത്തില്‍ ഇടതുപക്ഷത്തെ ഈ തെരഞ്ഞെടുപ്പില്‍ വീഴ്ത്തുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്. പെരുമ്പാവൂരില്‍ ജിഷ എന്ന ദലിത് നിയമവിദ്യാര്‍ത്ഥിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ആദ്യം യു.ഡി.എഫിനെതിരായി ഉപയോഗിച്ചത് സി.പി.ഐ.എമ്മായിരുന്നു. പൊലീസ് അന്വേഷണം ദുര്‍ബലമാണ്, ഇത് വരെ പ്രതികളെ പിടിച്ചില്ല എന്നാരോപിച്ച് സി.പി.ഐ.എം രമേശ് ചെന്നിത്തലയെ പെരുമ്പാവൂരില്‍ തടഞ്ഞതോടെയാണ് സംഭവം വിവാദമാകുന്നത്. എന്നാല്‍ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും ജിഷയുടെ മരണം സി.പി.ഐ.എമ്മിനെയും ഇടതുപക്ഷത്തെയും അവരുടെ ജനപ്രതിനിധികളെയും പ്രതികൂട്ടിലാക്കി.

ആശുപത്രിയില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോടും ചാലക്കുടി എംപി ഇന്നസെന്‍റിനോടും എറണാകുളത്തെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എസ്. ശര്‍മ്മയോടും സി.പി.ഐ.എം പ്രാദേശിക നേതാക്കളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ജിഷയുടെ അമ്മ കരഞ്ഞുപറഞ്ഞ കാര്യങ്ങളാണ് സി.പി.ഐ.എമ്മിനെ പ്രതികൂട്ടിലാക്കിയത്. സി.പി.ഐ.എമ്മിന്‍റെ പെരുമ്പാവൂര്‍ എം.എല്‍.എ സാജു പോള്‍ കള്ളനാണ്, തെണ്ടിയാണ്, അവനെ കൊല്ലണം എന്നാണ് ജിഷയുടെ അമ്മ ആശുപത്രിയില്‍ അലമുറയിടുന്നത്. ഇടതുപക്ഷക്കാരായ ഈ ദലിത് കുടുംബം കനാല്‍ പുറമ്പോക്കില്‍ വീടില്ലാതെ സാമൂഹിക വിരുദ്ധരുടെ അതിക്രമത്തില്‍ പൊറുതിമുട്ടിയപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഓടിച്ചെന്നത് സാജുപോളിനടുത്തേക്കും സി.പി.ഐ.എം പെരുമ്പാവൂര്‍ ഏരിയാകമ്മിറ്റി ഓഫീസിലേക്കും ആയിരുന്നു. ഒരു വീട്, ഒരു സംരക്ഷണം ഇതാണ് എം.എല്‍.എയോട് ആ അമ്മയും മകളും കരഞ്ഞ് അപേക്ഷിച്ചത്. ഒന്നും ചെയ്തുകൊടുത്തില്ല. അതാണ് അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെടാന്‍ കാരണമെന്ന് ആ അമ്മ കരഞ്ഞുപറയുമ്പോള്‍ വി.എസിനും ഇന്നസെന്‍റിനും ശര്‍മ്മയ്ക്കുും വാക്കുകളില്ലാതെ നിശബ്ദരാകേണ്ടി വന്നു. സി.പി.ഐ.എമ്മിന് സംഭവിച്ച വലിയ വീഴ്ചയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട രണ്ട് യുവതികളുടെ കേസുകളിലാണ് വി.എസ്.അച്യുതാനന്ദന്‍ പതറിയത്. ഒന്നും ശാരിയുടെ മരണം. ഒരു വിവിഐപി ശാരിയെ സന്ദര്‍ശിച്ച ശേഷമാണ് മരണമുണ്ടായതെന്ന വിവാദം അന്നായിരുന്നു. ശ്രീമതി ടീച്ചറെയടക്കം അന്ന് വിഎസ് പ്രതികൂട്ടിലാക്കി. ഇപ്പോഴിതാ ജിഷയുടെ മരണത്തിന് കാരണം അന്വേഷിച്ച് പെരുമ്പാവൂരിലെത്തിയ വി.എസിന് സ്വന്തം പാര്‍ട്ടിയുടെ എം.എല്‍.എ സാജുപോളിനെതിരെ ജിഷയുടെ അമ്മയുടെ ശാപവാക്കുകള്‍ കേട്ട് മടങ്ങേണ്ടി വന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പറഞ്ഞു സാജു പോളിന് വീഴ്ച പറ്റിയെന്ന്. സിപിഐഎം സാജുപോളില്‍ തട്ടി ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴുമോ എന്നാണ് രാഷ്ട്രീയകേരളം കാത്തിരിക്കുന്നത്.SajuPaul

LEAVE A REPLY

Please enter your comment!
Please enter your name here