ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ ഡയറക്ടര്‍ ഗോപിനാഥ് മുതുകാടുമായി കേരളാടൈംസ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ കറുകപ്പിള്ളില്‍ നടത്തിയ അഭിമുഖം

പോള്‍ കറുകപ്പള്ളില്‍: അമേരിക്കന്‍ മണ്ണിലേയ്ക്ക് അങ്ങേയ്ക്ക് വീണ്ടും സ്വാഗതം. ഓണം കഴിഞ്ഞുവെങ്കിലും അങ്ങേയ്ക്കും ഡിഫറന്റ് ആര്‍ട് സെന്ററിലെ മക്കള്‍ക്കും അമേരിക്കന്‍ മലയാളികളുടെ പേരില്‍ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുകയാണ്.
ഗോപിനാഥ് മുതുകാട്: ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ പോളേട്ടന്റെ നേതൃത്വത്തില്‍ നല്‍കിയ ഊഷ്മളമായ വരവേല്‍പ്പിന് ഹൃദയം ചേര്‍ത്തുവച്ച് നന്ദി അറിയിക്കുന്നു. അതുപോലെ തന്നെ ഡിഫറന്റ് ആര്‍ട് സെന്ററിലെ മക്കള്‍ക്കായി നേര്‍ന്ന ഓണാശംസകള്‍ തീര്‍ച്ചയായും അവരെ അറിയിക്കുകയും ചെയ്യും. മക്കള്‍ക്ക് അത് വലിയ സന്തോഷമാകും.

പോള്‍ കറുകപ്പള്ളില്‍: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഓരോ സ്പന്ദനവും ഞങ്ങള്‍ ഇവിടെ അറിയുന്നുണ്ട്. പുതിയ പുതിയ പദ്ധതികള്‍, സംഭവങ്ങള്‍, കുട്ടികളുടെ സന്തോഷങ്ങള്‍.. ഡിഫറന്റ് ആര്‍ട് സെന്ററും കുട്ടികളും ഇന്ന് അമേരിക്കന്‍ മലയാളികളുടെ മനസ്സുകളില്‍ വലിയൊരു സ്ഥാനം അലങ്കരിക്കുന്നു. ഈ സാഹചര്യത്തില്‍ അവിടുത്തെ കൂടുതല്‍ വിശേഷങ്ങള്‍ അറിയണമെന്നുണ്ട്. ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കൊളമ്പസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കുറച്ച് കാര്യങ്ങള്‍ ഇവിടുത്തെ മലയാളികള്‍ക്കായി പങ്കുവയ്ക്കുമല്ലോ..
ഗോപിനാഥ് മുതുകാട്: തീര്‍ച്ചയായും.. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധൈര്യം പോളേട്ടനെപ്പോലുള്ള ഇവിടുത്തെ സുമനസ്സുകളുടെ പിന്തുണയും പ്രോത്സാഹനവുമാണ്. ആ പ്രോത്സാഹനവും പ്രചോദനവുമാണ് ഞങ്ങളുടെ നിറഞ്ഞന്തോഷത്തിന് കാരണം. അത് കേരളമാകെയുള്ള ഭിന്നശേഷിക്കാരിലേയ്ക്ക് പടര്‍ത്തുവാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതും..

പോള്‍കറുകപ്പള്ളില്‍: അതെ.. നിരവധി ഭിന്നശേഷിക്കാരിലേയ്ക്ക് ആ സന്തോഷം പടര്‍ത്തുവാനും പകര്‍ത്തുവാനും കഴിയണം. കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി ഡിഫറന്റ് ആര്‍ട് സെന്ററിനെയും സെന്ററിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ആരംഭിക്കുവാന്‍ പോകുന്ന പദ്ധതികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചതായി അറിഞ്ഞു. പുതിയ പ്രോജക്ടും സെന്ററിന് മുന്നിലുള്ള വെല്ലുവിളികളെപ്പറ്റിയും അങ്ങേയ്ക്ക് എന്താണ് പറയുവാനുള്ളത്?
ഗോപിനാഥ് മുതുകാട്: സത്യത്തില്‍ ഞങ്ങളെയാകെ ഞെട്ടിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട എം.എ യൂസഫലി സാര്‍ സെന്റര്‍ സന്ദര്‍ശിച്ചത്. ഞങ്ങളുടെ ഹൃദയം തൊട്ട പ്രഖ്യാപനം നടത്തിയത്. അദ്ദേഹത്തിന്റെ മരണശേഷവും ആ പിന്തുണയും സഹായവും തുടരുമെന്നത് ഞങ്ങള്‍ ലഭിച്ച ആശ്വാസം ചെറുതല്ല. അതോടൊപ്പം അദ്ദേഹത്തിന്റെ പ്രചോദകവാക്കുകള്‍ ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമൊക്കെ ലഭിച്ച വലിയ അംഗീകാരമാണ്. കാസര്‍ഗോഡ് ആരംഭിക്കുവാന്‍ പോകുന്ന പുതിയ പദ്ധതിയായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റി്റ്റിയൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസിന്(ഐ.ഐ.പി.ഡി) 83കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഈയൊരു ധനസമാഹരണം തന്നെയാണ് പുതിയ പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളിയും. ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക് അഡ്മിഷന്‍ നേടുന്നതിന് നിരവധി പേരാണ് ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സാഹചര്യം സെന്ററിനില്ല. അതുകൊണ്ടാണ് വലിയൊരു പദ്ധതിക്ക് മുന്നിട്ടിറങ്ങിയത്. ആയിരം കുട്ടികള്‍ക്കെങ്കിലും ആശ്വാസമാകുന്നതരത്തില്‍ പ്രോജക്ട് വളര്‍ത്തിയെടുക്കണം. സെന്ററിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളാണ് മനസ്സിലുള്ളത്. ആ സ്വപ്നങ്ങളെല്ലാം പ്രാവര്‍ത്തികമായാല്‍ ഒരുപക്ഷെ ഭിന്നശേഷി മേഖലയില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

പോള്‍കറുകപ്പള്ളില്‍: താങ്കളുടെ ഈയൊരു സ്വപ്നപദ്ധതി തീര്‍ച്ചയായും യാഥാര്‍ത്ഥ്യമാകും. അതിനുള്ള എല്ലാവിധ പിന്തുണയും ഞാനടക്കുമുള്ള ഇവിടുള്ള, ഈ കുഞ്ഞങ്ങളെ സ്നേഹിക്കുന്നവര്‍ നല്‍കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കാമോ?
ഗോപിനാഥ് മുതുകാട്: അമേരിക്കന്‍ മലയാളിയായ ശ്രീ.എം.കെ ലൂക്ക സാറാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ കാസര്‍ഗോഡ് തുടങ്ങുന്നതിന് ലാന്‍ഡ് വാങ്ങുന്നതിനായി കഴിയുന്നത്ര സഹായിക്കാമെന്നേറ്റത്. 20 ഏക്കറിലാണ് പദ്ധതി നിര്‍മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവും അടങ്ങുന്നതാണിത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്പോര്‍ട്സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്ലെറ്റുകള്‍ തുടങ്ങിയവ ഇവിടെ ഉണ്ടാകും. മാജിക് പ്രധാനബോധന മാധ്യമമാക്കി വിവിധ കലകള്‍ പരിശീലിപ്പിക്കുന്നതിനോടൊപ്പം പാരാലിംപിക്‌സിലടക്കം പങ്കെടുപ്പിക്കുന്നതിനുള്ള കായിക പരിശീലനങ്ങളും ഇവിടെ നടക്കും. ചെറിയൊരു കാര്യമല്ല മനസ്സിലേറ്റി നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന ഈ യാത്രയടക്കം അതിന്റെ ആവശ്യത്തിലേയ്ക്ക് കൂടിയാണ്. ഭിന്നശേഷിക്കുട്ടികള്‍ക്ക് മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന പരിഗണനയും സൗകര്യങ്ങളും കണ്ട് മനസ്സിലാക്കുക, അത്തരം സൗകര്യങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ലഭ്യമാക്കുക എ്ന്നതുകൂടിയാണ് ഇത്തരം യാത്രകളുടെ ലക്ഷ്യം.

പോള്‍കറുകപ്പള്ളില്‍: ആഗ്രഹങ്ങള്‍ തീര്‍ച്ചയായും സഫലീകരിക്കട്ടെ.. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ എനിക്കും അതുപോലെ ഇവിടുള്ളവര്‍ക്കും ചെയ്യുവാനുണ്ട്. ആ ഉത്തരവാദിത്വങ്ങള്‍് തീര്‍ച്ചയായും നിറവേറ്റാന്‍ ഞങ്ങള്‍ താങ്കളോടൊപ്പമുണ്ടാവുമെന്ന് ഉറപ്പുനല്‍കുകയാണ്.
ഗോപിനാഥ് മുതുകാട്: ഈ സ്നേഹം.. ഈ സഹകരണം.. സഹവര്‍ത്തിത്വം ഇതൊക്കെത്തന്നെയാണ് വീണ്ടും വീണ്ടും എനിക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജം നല്‍കുന്നത്. ഇക്കഴിഞ്ഞ ദിവസം ഡിഫറന്റ് ആര്‍ട് സെന്ററിനെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര ടൂറിസ-ഗതാഗത-സാംസ്‌കാരിക പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കു മുമ്പില്‍ എന്റെ മക്കള്‍ അവിശ്വസനീയ പ്രകടനങ്ങള്‍ കാഴ്ചവെച്ച്് അവരെ വിസ്മയിപ്പിച്ചു. സമിതി ചെയര്‍മാന്‍ വി.വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്. നാല്‍പ്പതോളം പേരടങ്ങുന്ന സംഘത്തില്‍ എം.പിമാരായ എ.എ റഹീം, സുനില്‍ബാബു റാവു മെന്ദെ, ഛെടി പാസ്വാന്‍, തിരത് സിംഗ് റാവത്, മനോജ് കുമാര്‍ തിവാരി എന്നിവരും സെക്രട്ടറിമാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. രാജ്യത്തൊരിടത്തും ഭിന്നശേഷിക്കാര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അവസരങ്ങള്‍ യഥേഷ്ടം നല്‍കി അവര്‍ക്കും സമൂഹത്തില്‍ തുല്യമായ പ്രാധാന്യം നല്‍കുവാന്‍ ശ്രമിക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും സമിതി ചെയര്‍മാന്‍ ശ്രീ.വി.വിജയസായി റെഡ്ഡി സാര്‍ പറഞ്ഞ വാക്കുകള്‍ കരുത്തുനല്‍കുകയാണ്.

മാജിക് പ്രധാന ബോധനമാധ്യമമാക്കി ഭിന്നശേഷിക്കുട്ടികളെ ഇതരകലകള്‍ പരിശീലിപ്പിക്കുന്ന രീതി ലോകത്താദ്യമായാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഈ പഠനരീതി കുട്ടികളിലെ ബൗദ്ധിക സാമൂഹ്യ മാനസിക ശാരീരിക നിലകളില്‍ മാറ്റംവരുത്തിയതായി വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈയൊരു മാതൃക രാജ്യത്തുടനീളം നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായാണ് സംഘമെത്തിയത്. നേരത്തെ തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി സെന്റര്‍ സന്ദര്‍ശിക്കുകയും തമിഴ്നാട്ടില്‍ ഡി.എ.സി മാതൃക നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഡിഫറന്റ് ആര്‍ട് സെന്റര്‍ വളരേണ്ടതിന്റെയും പടര്‍ന്ന് പന്തലിക്കേണ്ടതിന്റെയും ആവശ്യകത ഇതുകൊണ്ടാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് ഇത് താങ്ങാവുകയാണ് ചെയ്യുന്നത്.

അത്തരത്തില്‍ ഈ സെന്ററിന്റെ വളര്‍ച്ചയ്ക്ക് പോളേട്ടന്റെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. ഓരോ തവണ അമേരിക്കയിലേയ്ക്ക് വരുമ്പോഴും പലയിടങ്ങളില്‍ കൊണ്ടുപോകുന്നതിനും സപ്പോര്‍ട്ടേഴ്സുമായി മീറ്റിംഗ് വിളിച്ചുചേര്‍ക്കുന്നതിനുമൊക്കെ പോളേട്ടന്‍ ഓടിനടക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ എന്റെ മക്കള്‍ എത്ര അനുഗ്രഹിക്കപ്പെട്ടവരാണെന്ന് തോന്നിപ്പോവുകയാണ്. അങ്ങ് കേരളത്തിന്റെ ഒരു കോണിലുള്ള എന്റെ മക്കളെ ഈ വികസിത രാജ്യത്തും നിരവധി പേര്‍ സ്നേഹിക്കുന്നു എന്നറിയുമ്പോള്‍ ഒരുപാടൊരുപാട് സന്തോഷം തോന്നാറുണ്ട്. ആ സ്നേഹം പിടിച്ചുപറ്റുന്നതിന്റെ പിന്നില്‍ പോളേട്ടന്റെ സഹകരണം വിസ്മരിക്കാനാവുന്നതല്ല. ഒരു കൂട്ടായ്മയുടെ ശക്തിയാണ് പോളേട്ടന്‍ ഒപ്പം നില്‍ക്കുമ്പോള്‍ തോന്നുന്നത്. അ സ്നേഹത്തിന് എന്റെയും മക്കളുടെയും നന്ദിയും ഇതോടൊപ്പംഅറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here