കൊച്ചി: വെടിയൊച്ചകള്‍ക്കു നടുവില്‍ ജീവനുവേണ്ടി കേണ് ഒരു സംഘം നഴ്സുമാര്‍. യുദ്ധഭൂമിയായ ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരുടെ സ്ഥിതി ദുസ്സഹമാകുന്നതായി വിവരം ലഭിച്ചു. 10 കുട്ടികളടക്കം 29 പേരാണു തലസ്ഥാന നഗരമായ ട്രിപ്പോളിക്കടുത്തു കുടുങ്ങിക്കിടക്കുന്നത്. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നുള്ള 23 പേരും രണ്ടു തമിഴ് കുടുംബങ്ങളുമാണ് ഇവിടെയുള്ളത്. കഴിഞ്ഞ മാര്‍ച്ച് 25നു സാവിയ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടവരാണിവര്‍. ഈ ആക്രമണത്തിലാണു വെളിയന്നൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടത്. ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഓടിപ്പോയ ഇവരെ പട്ടാളം രക്ഷപ്പെടുത്തി ഒരു ലിബിയന്‍ പട്ടാളക്കാരന്‍റെ വീടു വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചു വരികയായിരുന്നു. ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞുവെന്നും വീടൊഴിഞ്ഞു പോകാന്‍ ഇവരെ പട്ടാളക്കാരന്‍ നിര്‍ബന്ധിച്ചുവരികയാണെന്നുമാണു വിവരം.

പാമ്പാടി സ്വദേശിയായ നഴ്സ് വീട്ടിലേക്കു വിളിച്ചപ്പോഴാണ് ഇവരുടെ ദുരിതം കൂടുതല്‍ വ്യക്തമായത്. വീടൊഴിയാനായി വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണെന്നും ഇതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായെന്നും പറയുന്നു. ഒന്നര വയസ്സുള്ള അഞ്ചു കുട്ടികളും രണ്ടര വയസ്സുള്ള രണ്ടു പേരും മൂന്ന്, ആറ്, 11 വയസ്സുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഒരു നഴ്സ് ഗര്‍ഭിണിയുമാണ്. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു നോര്‍ക്ക റൂട്ട്സ് സിഇഒ ആര്‍.എസ്.കണ്ണന്‍ പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാകുമെന്നും ഇദ്ദേഹം പറഞ്ഞു. ട്രിപ്പോളിയില്‍ നിന്ന് ഇവരെ സുരക്ഷിതമായി ഇസ്തംബൂളിലെത്തിക്കുക എന്നതാണു വെല്ലുവിളി.

ലിബിയന്‍ എയര്‍ലൈന്‍സ് മാത്രമേ ഇവിടെ സര്‍വീസ് നടത്തുന്നുള്ളൂ. ഇതില്‍ ടിക്കറ്റ് ലഭിക്കുന്നില്ല. ഇസ്തംബൂളില്‍ നിന്നു ദോഹ വഴി കൊച്ചിയിലേക്ക് ഇവരെ വേഗമെത്തിക്കാന്‍ സാധിക്കും. ട്രിപ്പോളിയില്‍ എംബസി ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. എല്ലാവരെയും ബന്ധപ്പെടാനുള്ള നമ്പറുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ടെന്നും ആര്‍.എസ്.കണ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേന്ദ്രമന്ത്രി സുഷമ സ്വരാജിനും നിവേദനം നല്‍കിയതിനെത്തുടര്‍ന്നു വിഷയത്തില്‍ അടിയന്തര ശ്രദ്ധ കിട്ടിയിട്ടുണ്ടെന്നു ഹ്യുമാനിറ്റേറിയന്‍ ഇനിഷ്യേറ്റീവ് ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റ് വി.ടി.ജോബ് പറഞ്ഞു. യുഎന്‍ സപ്പോര്‍ട് മിഷന്‍, റെഡ്ക്രോസ്, യുണിസെഫ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here