തിരുവനന്തപുരം:കോഴ ആരോപണങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ യുഡിഎഉ് സര്‍ക്കാരിന്‍റെ ഭരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ വീണ്ടുമൊരു ആരോപണം. ബാര്‍കോഴ വിവാദവും ഭൂമിദാനവിവാദവും സോളാര്‍തട്ടിപ്പുമെല്ലാം കഴിഞ്ഞതോടെയാണ് ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെതിരെ കോടികളുടെ കോഴ ആരോപണം ഉയരുന്നത്. ഇത്തവണയും ആരോപണമുന്നയിച്ചത് തിരുവനന്തപുരത്തെ ബാറുടമ ബിജു രമേശ് ആണ് എന്നത് മറ്റൊരു സമാനത. ശിവകുമാറിന്‍റെ മകളെ ഡല്‍ഹിയില്‍ വച്ച് തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മരുന്നുകോഴയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള മരുന്നിന് ഓര്‍ഡര്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനിയില്‍ നിന്ന് 15 കോടി രൂപ മന്ത്രി കോഴ വാങ്ങി. എന്നാല്‍ ഓര്‍ഡര്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. ദീര്‍ഘനാള്‍ കഴിഞ്ഞിട്ടും മരുന്നിന്‍റെ ഓര്‍ഡര്‍ ലഭിക്കാതെ വന്നപ്പോള്‍ കോഴ നല്‍കിയ പണം കമ്പനി ആവശ്യപ്പെട്ടെങ്കിലും തിരികെ നല്‍കാന്‍ മന്ത്രി തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ പഠിച്ചുകൊണ്ടിരുന്ന മന്ത്രിയുടെ മകളെ കമ്പനിയുടെ ആളുകള്‍ തട്ടിക്കൊണ്ടു പോയതെന്നും ബിജു രമേശ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ പഠിക്കുന്ന ശിവകുമാറിന്‍റെ മകളെ ദിവസങ്ങള്‍ക്കു മുമ്പാണ് തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം തടവില്‍ വയ്ക്കുകയും ചെയ്തു. കേരളത്തില്‍ നിന്നെത്തിയ ഐജി ഡല്‍ഹിയില്‍ തങ്ങി, മന്ത്രി കോഴയായി വാങ്ങിയ പണം തിരികെ നല്‍കിയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ഒരു പരാതി പോലും നല്‍കാതെ ഇരുചെവിയറിയാതെ സംഭവം ഒതുക്കി തീര്‍ക്കാനാണ് മന്ത്രി ശ്രമിച്ചത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കാലാവധി അവസാനിക്കാറായ മരുന്നുകളും വന്‍തുക കമ്മിഷന്‍ വ്യവസ്ഥയില്‍ വാങ്ങിക്കൂട്ടി. കാലാവധി കഴിയുന്നതിന് കേവലം മൂന്ന് മാസം മുമ്പുള്ള മരുന്നുകളാണ് അനധികൃതമായി വാങ്ങിയത്. വിവിധ കമ്പനികളില്‍ നിന്നായി 600 കോടിയോളം രൂപയുടെ മരുന്നുകള്‍ വാങ്ങി. നിയമപ്രകാരം കാലാവധിക്ക് മൂന്ന് മാസം മുമ്പെ മെഡിക്കല്‍ ഷോപ്പുകാര്‍ കമ്പനിയിലേക്ക് മരുന്നുകള്‍ തിരിച്ചയക്കാറുണ്ട്. ഈ മരുന്നുകളാണ് 70 ശതമാനത്തോളം കമ്മിഷന്‍ പറ്റി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വാങ്ങിക്കൂട്ടിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഇപ്പോഴും നല്‍കുന്നുണ്ടെന്നും ബിജു പറഞ്ഞു. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലുള്ള ഒരു സ്വകാര്യ ആശുപത്രി ശിവകുമാര്‍ ബിനാമിപ്പേരില്‍ വാങ്ങിയെന്നും ബിജു ആരോപിച്ചു. 164 കോടി രൂപയ്ക്കാണ് ആശുപത്രി ബന്ധുവിന്‍റെ പേരില്‍ വാങ്ങിയത്. ഇതിനുപയോഗിച്ചതും കോഴവാങ്ങിയ പണമാണ്. ഇത്തരം കാര്യങ്ങള്‍ സമഗ്ര അന്വേഷണം നടത്തി പുറത്തുകൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞു. എന്തായാലും തെരഞ്ഞെടുപ്പ് വേളയില്‍ പുറത്തുവന്ന പുതിയ ആരോപണം മന്ത്രി ശിവകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here