ഇടുക്കി. അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക

സാധാരണക്കാർക്ക് അനായാസം നൽകാൻ കഴിയുന്ന കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈൽ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവര്‍ക്ക് അനുമതി നല്‍കുന്നു. ഈ കോണ്‍ടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നല്‍കുന്ന ജാമ്യം. കോണ്‍ടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റും.
3000 രൂപ വായ്പയായി എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടൻ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അയച്ചു നല്‍കും. ഇത്തരം ചിത്രങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ അയച്ചുനൽകുന്നു. ഇത് പണം വായ്പയെടുത്ത ആൾക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. ഉപഭോക്താവിൻറെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാൾ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. അവരുടെ പ്രലോഭനങ്ങള്‍ തിരസ്കരിക്കാനും അവര്‍ അയച്ചു നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള പക്ഷം സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണം.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ പോലീസിനെ അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here