ഏറെ നാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ പാലക്കാട്ടെത്തി. ആകെ എട്ട് റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് പാലക്കാടെത്തിയത്. മറ്റന്നാള്‍ മുതല്‍ ട്രെയിനിന്റെ ട്രയല്‍ റൺ ആരംഭിക്കും. ഞായറാഴ്ചയാകും രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര നടക്കുക. ചെന്നൈയില്‍ നിന്ന് പാലക്കാട് ഡിവിഷന്‍ ട്രെയിന്‍ ഏറ്റെടുത്ത ശേഷം ട്രെയിന്‍ നേരെ തിരുവനന്തപുരത്തേക്കാണ് തിരിച്ചിരിക്കുന്നത്.

നേരത്തെ കേരളത്തില്‍ തന്നെ എറണാകുളം, തിരുവനന്തപുരം എന്നീ രണ്ട് റൂട്ടുകളാണ് നിശ്ചയിച്ചിരുന്നത്. മംഗലാപുരം ഡിവിഷന് അനുവദിച്ച ട്രെയിന്‍ ആയതിനാല്‍ കോയമ്പത്തൂര്‍, ഗോവ റൂട്ടുകളും പരിഗണിച്ചു. ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ നിന്നും പുറത്തിറക്കിയ റേക്കുകള്‍, ആഴ്ചകളോളം ബേസില്‍ ബ്രിഡ്ജില്‍ കിടന്നു. ഒടുവിലാണ് അനിശ്ചിതത്വമെല്ലാം നീങ്ങി, ട്രെയിന്‍ കേരളത്തിലേയ്ക്ക് എത്തിയത്.

കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. ആലപ്പുഴ വഴിയാണ് സര്‍വീസ്. ഞായറാഴ്ച തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് നടക്കുമെന്നാണ് നിലവിലെ വിവരം. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. രാവിലെ ഏഴുമണിയ്ക്ക് കാസര്‍ഗോഡ് നിന്നും പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here