*കട്ടപ്പന/ ഇടുക്കി ജലജീവന്‍ മിഷന്‍ : അവലോകനയോഗം ചേര്‍ന്നു*

ജലജീവന്‍ മിഷന്‍ ഇടുക്കിജില്ലാതല ജല ശുചിത്വമിഷന്റെ അവലോകനയോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍വഹണ സഹായ ഏജന്‍സികള്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായ തുക അനുവദിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനും ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമാണ് യോഗം ചേര്‍ന്നത്.
വാട്ടര്‍ അതോറിറ്റി തൊടുപുഴ ഡിവിഷന്റെ കീഴില്‍ ജല ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി 53409 ഫംഗ്ഷണല്‍ ഹൗസ് ഹോള്‍ഡ് ടാപ് കണക്ഷനുകള്‍ക്ക് 219.5 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതില്‍ 14519 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവ നിര്‍മാണ പുരോഗതിയിലാണ്. വാട്ടര്‍ അതോറിറ്റി കട്ടപ്പന ഡിവിഷന്റെ കീഴില്‍ 179829
ഫംഗ്ഷണല്‍ ഹൗസ് ഹോള്‍ഡ് ടാപ് കണക്ഷനുകള്‍ക്ക് 2519.45 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതില്‍ 9482 എണ്ണം പൂര്‍ത്തിയാക്കി. ജലനിധിയുടെ കീഴില്‍ 3946 ഫംഗ്ഷണല്‍ ഹൗസ് ഹോള്‍ഡ് ടാപ് കണക്ഷനുകള്‍ക്ക് 8.5 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതില്‍ 2831 എണ്ണം പൂര്‍ത്തിയാക്കി. ഭൂജല വകുപ്പിന് കീഴില്‍ 3937 ഫംഗ്ഷണല്‍ ഹൗസ് ഹോള്‍ഡ് ടാപ് കണക്ഷനുകള്‍ക്ക് 10.03 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതില്‍ 691 എണ്ണത്തിന് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 580 എണ്ണം പൂര്‍ത്തിയാക്കി.
ജലജീവന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രവര്‍ത്തന രീതികളും മറ്റും പൊതുജനം ആയിട്ടും പഞ്ചായത്തുമായും ഏകോപിപ്പിക്കുന്നതിനായി ത്രികക്ഷി കരാറില്‍ നിയമിച്ച ഐ. എസ്. എ കളുടെ ക്ലെയിം യോഗത്തില്‍ അംഗീകരിച്ചു. 31 പഞ്ചായത്തുകളിലായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി, സോളിഡാരിറ്റി മൂവ്‌മെന്റ് ഓഫ് ഇന്ത്യ, ഗാന്ധിജി സ്റ്റഡി സെന്റര്‍, എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് സൊസൈറ്റി, രാജീവ് യൂത്ത് ഫൗണ്ടേഷന്‍, സൊസൈറ്റി ഫോര്‍ ഓറിയന്റേഷന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ്, സോഷ്യല്‍ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍, കുടുംബശ്രീ എന്നീ ഐ.എസ്.എകള്‍ക്ക് 57 ക്ലെയിമുകളിലായി 86,42,925 ലക്ഷം രൂപയാണ് അനുവദിച്ചത്.
പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വാളന്റിയര്‍മാരെ നിയമിക്കാനും യോഗം തീരുമാനിച്ചു.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ജില്ലാതല ജല ശുചിത്വമിഷന്‍ സെക്രട്ടറിയുമായ ജെതീഷ് കുമാര്‍ ജി, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ പദ്ധതി ഡയറക്ടര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം : ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജലജീവന്‍ മിഷന്‍ ജില്ലാതല ജല ശുചിത്വമിഷന്റെ അവലോകനയോഗം കളക്ടറുടെ ചേംബറില്‍ ചേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here