അവധിക്ക് നാട്ടിലെത്തിയ സൈനികന്റെ ശരീരത്തില്‍ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ബലപ്രയോഗത്തിലൂടെ ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് പോലീസ്. പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത് സൈനികന്റെ സുഹൃത്ത് ജോഷിയെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്ന് ചാപ്പക്കുത്താന്‍ ഉപയോഗിച്ച പെയിന്റ് കണ്ടെത്തി. മദ്യലഹരിയില്‍ ചെയ്തതാണെന്ന് മൊഴി.

രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ്. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു.

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നായിരുന്നു സൈനികന്റെ പരാതി.

സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ അന്വേഷണം നടത്തി വരികയായിരുന്നു. സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here