മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ കബറടക്ക ശുസ്രൂഷാ വേളയില്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് വന്ന് ബി.ജെ.പി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്റെ പേരിലുള്ള റീത്ത് സമര്‍പ്പിച്ച് കുമ്മനത്തിന്റെ ഹൃദയസ്പര്‍ശിയായ അനുശോചന സന്ദേശം വായിച്ച ജോസ് കോലത്ത് എന്ന കോഴഞ്ചേരിക്കാരനെ അധികമാരും മറന്ന് കാണില്ല.

ഏതാണ്ട് ഒരു ദശാബ്ദത്തിനു മുന്‍പ് ആറന്മുള ബാലാശ്രമത്തില്‍ വച്ച് കുമ്മനം രാജശേഖരനുമായി തുടങ്ങി വച്ച സ്‌നേഹബന്ധമാണ് പില്‍ക്കാലത്ത് ജോസ് കോലത്തിനെ ബി.ജെ.പി., R.S.S. പ്രവര്‍ത്തകരുടെ ഒരു വലിയ സൗഹൃദ വലയത്തിനു ഉടമയാക്കിയത്. ആ സ്‌നേഹബന്ധത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കോലത്ത് തറവാട്ടിലേക്കുള്ള സന്ദര്‍ശനം എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. സുരേന്ദ്രനോടൊപ്പം
മറ്റ് നേതാക്കളായ ഷാജി ആര്‍. നായര്‍ (ബി.ജെ.പി. സംസ്ഥാന കിസാന്‍ മോര്‍ച്ച പ്രസിഡന്റ്), അഡ്വ. വി. സൂരജ് (ബി.ജെ.പി. ജില്ലാ പ്രസിഡന്റ്), പ്രദീപ് അയിരൂര്‍ (ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി) തുടങ്ങിയവരും കോലത്ത് തറവാട്ടില്‍ എത്തി. കൂടാതെ വിക്ടര്‍ തോമസ്, മോഹന്‍ നായര്‍, അഡ്വ. ബാലകൃഷ്ണന്‍, സുരേഷ് നന്ദനം, ഷാജി പള്ളിപ്പീടിക, തുടങ്ങി നിരവധി ബി.ജെ.പി. പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

സുരേന്ദ്രനെയും സംഘത്തെയും ജോസ് കോലത്ത്, ജോജി കോലത്ത്, ജീവന്‍ കോലത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുകയും സുരേന്ദ്രനെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഒരു സൗഹൃദ കൂടിക്കാഴ്ച്ച ആയിരുന്നുവെങ്കിലും പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റ്, വേള്‍ഡ് മലയാളി കൌണ്‍സില്‍ തുടങ്ങി വിവിധ ആഗോള സംഘടനകളില്‍ ചുമതലകള്‍ വഹിച്ചിട്ടുള്ള ജോസ് കോലത്ത്, പ്രവാസി സമൂഹം നേരിടുന്ന വിഷയങ്ങള്‍ കെ. സുരേന്ദ്രനോട് ചുരുക്കത്തില്‍ അവതരിപ്പിക്കാന്‍ മറന്നില്ല. ഗള്‍ഫില്‍ നിന്ന് വരുന്ന പ്രവാസികള്‍ കൊടുക്കേണ്ടി വരുന്ന ഉയര്‍ന്ന യാത്രാനിരക്കും അതിനു പരിഹാരമായി കുറഞ്ഞ നിരക്കില്‍ കപ്പല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ വന്നു. ജന്മഭൂമി പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ആശംസകള്‍ അറിയിച്ചു. വായന ഏറെ ഇഷ്ടപ്പെടുന്ന ജോസ് കോലത്ത്, ദീര്‍ഘ കാലമായി കേസരി, ചിതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരനുമാണ്.

കണ്ണൂരിന് വടക്കുള്ള കോലത്ത് നാട്ടില്‍ നിന്ന് കോഴഞ്ചേരിയില്‍ വന്ന് താമസമുറപ്പിച്ച കോലത്ത് കുടുംബത്തിലെ പൂര്‍വികര്‍ക്ക് പന്തളം രാജകൊട്ടാരത്തില്‍ നിന്ന് പ്രത്യേക പദവിയും (അടുത്തൂണ്‍) ലഭിച്ചുകൊണ്ടിരുന്നതിനെപ്പറ്റി കോലത്ത് കുടുംബ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ശബരിമലയിലേക്കുള്ള പരമ്പരാഗത തിരുവാഭരണ പാത കടന്ന് പോകുന്നതും ഈ കുടുംബത്തോട് ചേര്‍ന്നുള്ള കുന്നിന്‍ ചരിവിലെ കോലത്ത് പാറ എന്ന് പഴമക്കാര്‍ വിളിച്ചിരുന്ന സ്ഥലത്തു കൂടിയാണ്. കോലത്ത് വീട്ടിലും പരിസരത്തും തിങ്ങിനിറഞ്ഞു നിന്ന ബി.ജെ.പി. പ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും സ്വീകരണത്തിനും സ്‌നേഹത്തിനും തൊഴുകൈകളോടെ നന്ദി രേഖപ്പെടുത്തി കെ. സുരേന്ദ്രന്‍ യാത്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here