പിറവം: അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തകനും കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ജോയി ഇട്ടൻ തന്റെ പിതാവ് ഊരമന പാടിയേടത്ത് ഇട്ടൻ പിള്ളയുടെ സ്മരണാർത്ഥം വീടില്ലാത്ത നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകുന്ന വീടിന്റെ താക്കോൽ ദാനം മൂവാറ്റുപുഴ എം. എൽ. എ. ഡോ. മാത്യു കുഴൽ നാടൻ നിർവഹിച്ചു. ഊരമന കൊടികുത്തിയേൽ  ഡേവിഡിനും കുടുംബത്തിനുമാണ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭവനം ജോയി ഇട്ടൻ നിർമ്മിച്ചു നൽകിയത്. ഡേവിഡിന് നൽകിയ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ഡോ. മാത്യു കുഴൽ നാടൻ വീടിന്റെ താക്കോൽ ഡേവിഡിനും കുടുംബത്തിനും നൽകി.

ദൈവം പ്രവർത്തിക്കുന്നത് പലരിലൂടെയാണ്. ഒരു കുടുംബത്തിന്റെ പ്രാർത്ഥന ജോയി ഇട്ടനിലേക്ക് എത്തുകയും അദ്ദേഹം ആ പ്രാർത്ഥന ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ പിതാവ് ഇട്ടൻ പിള്ളയുടെ സ്മരണാർത്ഥം വീട് നിർമ്മിച്ചു നൽകുവാൻ കാണിച്ച സ്നേഹത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ഡോ. മാത്യു കുഴൽ നാടൻ പറഞ്ഞു. തന്റെ പിതാവിനോടുള്ള സ്നേഹം ഒരു വീടിന്റെ രൂപത്തിൽ പുനരവതരിച്ച ഈ നിമിഷം ലളിതവും ധന്യവുമാണ്. തന്റെ പിതാവിനോടുള്ള ആദരവും ബഹുമാനവും ജീവകാര്യണ്യ പ്രവർത്തനങ്ങളാക്കി മാറ്റുന്ന ജോയ് ഇട്ടന്റെ മാതൃക അനുകരണീയം തന്നെ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലധികമായി അമേരിക്കൻ മലയാളി സംഘടനാരംഗത്ത് സജീവമായ ജോയി ഇട്ടൻ തന്റെ ജന്മനാടായ ഊരമനയിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും പിന്നീടത് വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്. ഇതിനോടകം ഒൻപത് വീടുകൾ നിർമ്മിച്ചു നൽകിയ അദ്ദേഹം അർഹതയുള്ളവർക്ക് സഹായം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. അഞ്ചു നിർദ്ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുക്കയും മൂന്നു നേഴ്സിങ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി ജോലി വാങ്ങി നൽകുകയും ചെയ്തു .എട്ടോളം മിടുക്കരായ നിർദ്ധനരായ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ എല്ലാ സഹായവും നൽകുകയും ചെയ്ത ജോയി ഇട്ടൻ മറ്റുള്ളവരുടെ വേദനകൾ കാണുകയും കേൾക്കുകയും ചെയ്യുകയും അവയ്ക്ക് ഉചിതമായ പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്യുന്നു .

ഫൊക്കാന ചാരിറ്റി ചെയർമാനായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എക്കാലത്തേയും മികച്ച മാതൃകയായി തുടരുമ്പോൾ ഇന്നത്തെ താക്കോൽ ദാന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ സഹധർമ്മിണി ജെസ്സിയും എത്തിയിരുന്നു. അടച്ചുറപ്പുള്ള ഭവനമാണ് ഒരു കുടുംബത്തിന്റെ വളർച്ചയുടെ കാതൽ എന്ന തന്റെ പിതാവിന്റെ വചനം എപ്പോഴും നന്മയിലേക്കുള്ള വഴികൾ തുറന്നിടാൻ കാരണമായതായി അദ്ദേഹം പറഞ്ഞു.

ഇന്ന് നടന്ന താക്കോൽ ദാന ചടങ്ങിൽ ഊരമന പഞ്ചായത്ത് പ്രസിഡന്റ് സ്‌റ്റീഫൻ പി.വി. അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി.സി. സെക്രട്ടറിമാരായ  സലിം. കെ എം,ഐ.കെ രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി എൽദോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൾ യേശുദാസ്, പഞ്ചായത്ത് മെമ്പർ സണ്ണി ജേക്കബ്, അഡ്വ .ടോം ജോസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഷേർലി സ്‌റ്റീഫൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വിൽസൺ കെ. ജോൺ , മുൻ സൊസൈറ്റി പ്രസിഡന്റ് ജോൺ സി.സി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരായ സാജൻ  കൊക്കാമറ്റത്തിൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജോജു ജോസഫ് , കെ.കെ. എൻ. റ്റി. സി യൂണിയൻ പ്രസിഡന്റ് രവി, കനിവ് പാലീയേറ്റീവ് സൊസൈറ്റി മാവടി കൊട്ടാരക്കരയുടെ പ്രസിഡന്റ്‌ അഡ്വ. ഡി. എസ്‌. സുനിൽ ,സെക്രട്ടറി  ആർ . രാജേഷ്‌കുമാർ ,ജോ. സെക്രട്ടറി റ്റി. ബിനു,കമ്മിറ്റീ അംഗം അജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here