ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ‘ഓപ്പറേഷൻ അജയ്’യുടെ നടപടികൾ ആരംഭിച്ചു. ഒഴിപ്പിക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദേശകാര്യവക്താവ് അരിന്ദംബാഗ്ചി അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ ആദ്യസംഘം ഇന്ത്യയിൽ എത്തും. 250 ഓളം പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇസ്രയേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും രാജ്യത്തെത്തിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് രാത്രി ടെൽ അവീവിലെ ബെൻഗുറിയോൺ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക. ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലില്‍ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രായേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്. ആദ്യ ബാച്ചാകും ഇന്ന് പുറപ്പെടുകയെന്നും കൂടുതൽ വിമാനങ്ങൾ ദൗത്യത്തിൻ്റെ ഭാഗമാകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘ ഓപ്പറേഷൻ അജയ്’ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയിലെ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്കും സജ്ജമാക്കും. ‘ഓപ്പറേഷന്‍ അജയ്’ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാകുന്നതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചു. കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 011 23747079.

LEAVE A REPLY

Please enter your comment!
Please enter your name here