അന്ത്യംവരെ കോണ്‍ഗ്രസില്‍ തുടരാനാണ് ആഗ്രഹമെന്ന് കെപിസിസി ജനസെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. എന്നാല്‍ പലസ്തീന്‍ വിഷയത്തിലെ നിലപാടില്‍ മാറ്റമില്ല. വിലക്കുള്ളതിനാല്‍ നാളത്തെ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കില്ല. സിപിഎം സെമിനാറിലേക്കുമില്ലെന്ന് ഷൗക്കത്ത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്ത് കെപിസിസി അച്ചടക്കസമിതിക്കുമുന്‍പാകെ ഹാജരായി.

അതേസമയം, ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്കനടപടിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കെപിസിസി അച്ചടക്ക സമിതി വിശദീകരണം തേടും. പാര്‍ട്ടിക്ക് തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദമുണ്ടെന്ന കത്ത് നല്‍കിയ ഷൗക്കത്ത് തന്റെ പരിപാടിയിൽ പങ്കെടുത്ത നേതാക്കളെ കേൾക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റന്നാൾ വീണ്ടും യോഗം ചേരാൻ അച്ചടക്ക സമിതി തീരുമാനിച്ചു. അതേസമയം, സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി

പാര്‍ട്ടിവിലക്ക് ലംഘിച്ച് മലപ്പുറത്ത് നടത്തിയ പലസ്തീൻ റാലിയിൽ തെറ്റില്ല എന്ന നിലപാടാണ് ആര്യാടൻ ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുൻപാകെ എടുത്തത്. തനിക്കൊപ്പം റാലിയിൽ പങ്കെടുത്ത വിഎ കരീം, സി ഹരിദാസ്, റിയാസ് മുക്കോളി തുടങ്ങിയ പ്രധാന നേതാക്കളെ കേൾക്കണമെന്നും ഷൗക്കത്ത് ആവശ്യപ്പെട്ടു. എടുത്തനിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് തന്‍റെ പിതാവ് പഠിപ്പിച്ചതെന്ന് പറഞ്ഞ ഷൗക്കത്ത്, അച്ചടക്കമുള്ള പ്രവർത്തകനായ താൻ സിപിഎം ക്ഷണം സ്വീകരിക്കില്ലെന്ന് അച്ചടക്ക സമിതിക്ക് മുൻപാകെ ഹാജരായ ശേഷം വ്യക്തമാക്കി.

തങ്ങളുടെ ഭാഗവും കേൾക്കണമെന്ന് സമാന ആവശ്യം മലപ്പുറം ഡിസിസി പ്രസി‍ഡന്‍റ് വിഎസ് ജോയി, എപി അനില്‍കുമാര്‍ എം എൽ എ തുടങ്ങിയവരും സമതിയോട അവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചുകാര്യങ്ങളില്‍ കൂടി വ്യക്തത വരാനാണ് മറ്റന്നാള്‍ കൂടുതല്‍ പേരില്‍ നിന്ന് വിശദീകരണം തേടുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here