2023 ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയലക്ഷ്യം 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഷാക്കിബ് അല്‍ ഹസ്സനും നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയുമാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പികള്‍.

ശ്രീലങ്കയും ബംഗ്ലാദേശും ഇതിനോടകം ലോകകപ്പ് സെമി കാണാതെ പുറത്തായതാണ്. ലോകകപ്പിലെ എട്ട് മത്സരങ്ങളിലെ രണ്ടാം വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മറുവശത്ത് ശ്രീലങ്കയ്ക്കും എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രമാണുള്ളത്. ഇനി ഓരോ മത്സരങ്ങളാണ് ഇരുടീമുകള്‍ക്കും ശേഷിക്കുന്നത്.

ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ തന്‍സിദ് ഹസ്സനെ നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത താരത്തെ ദില്‍ഷന്‍ മധുശങ്ക പുറത്താക്കി. പിന്നാലെ ക്രീസിലൊന്നിച്ച ഷാന്റോയും ലിട്ടണ്‍ ദാസും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. എന്നാല്‍ 23 റണ്‍സെടുത്ത ലിട്ടണ്‍ പുറത്തായതോടെ ബംഗ്ലാദേശ് പതറി. മൂന്നാം വിക്കറ്റില്‍ ഷാന്റോയും ഷാക്കിബും ഒന്നിച്ചതോടെ ബംഗ്ലാദേശ് ക്യാമ്പില്‍ പ്രതീക്ഷ പരന്നു.


ഇരുവരും അനായാസം ബാറ്റുവീശി. മൂന്നാം വിക്കറ്റില്‍ ഷാക്കിബും ഷാന്റോയും 169 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. എന്നാല്‍ ഇരുവരെയും പുറത്താക്കി എയ്ഞ്ജലോ മാത്യൂസ് ബംഗ്ലാദേശിന് പ്രഹരമേല്‍പ്പിച്ചു. ഷാക്കിബ് 65 പന്തില്‍ 12 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 82 റണ്‍സെടുത്തു. ഷാന്റോ 101 പന്തുകളില്‍ നിന്ന് 12 ഫോറിന്റെ അകമ്പടിയോടെ 90 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി.

പിന്നാലെ വന്ന മഹ്‌മദുള്ള ടീമിനെ നയിച്ചു. മുഷ്ഫിഖുര്‍ റഹീം (10) പെട്ടെന്ന് പുറത്തായെങ്കിലും മഹ്‌മുദുള്ള ടീമിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ 22 റണ്‍സെടുത്ത മഹ്‌മുദുള്ളയെ പുറത്താക്കി മഹീഷ് തീക്ഷണ മത്സരം കടുപ്പിച്ചു. പിന്നാലെ വന്ന മെഹ്ദി ഹസ്സനും പുറത്തായതോടെ ബംഗ്ലാദേശ് പതറി. എന്നാല്‍ തന്‍സിം ഹസന്‍ സാക്കിബും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മഹീഷ് തീക്ഷണ, എയ്ഞ്ജലോ മാത്യൂസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 279 റണ്‍സിന് ഓള്‍ ഔട്ടായി. ചരിത് അസലങ്കയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കുശാല്‍ പെരേരയെ നഷ്ടമായി. വെറും നാല് റണ്‍സെടുത്ത താരത്തെ ഷൊറിഫുള്‍ ഇസ്ലാം പുറത്താക്കി. പിന്നാലെ ക്രീസിലൊന്നിച്ച പത്തും നിസ്സങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ 19 റണ്‍സെടുത്ത മെന്‍ഡിസിനെ പുറത്താക്കി ഷാക്കിബ് അല്‍ ഹസ്സന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. നാലാമനായി വന്ന സദീര സമരവിക്രമ മികച്ച രീതിയില്‍ ബാറ്റുചെയ്യാന്‍ തുടങ്ങിയതോടെ ശ്രീലങ്കന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു.

എന്നാല്‍ മറുവശത്ത് നിസ്സങ്ക പുറത്തായി. 36 പന്തില്‍ 41 റണ്‍സെടുത്ത താരത്തെ തന്‍സിം പുറത്താക്കി. നാലാം വിക്കറ്റിലൊന്നിച്ച സദീരയും ചരിത് അസലങ്കയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന ശ്രീലങ്കയ്ക്ക് പെട്ടെന്ന് തിരിച്ചടി കിട്ടി. 41 റണ്‍സെടുത്ത സദീരയെ ഷാക്കിബ് പുറത്താക്കി. പിന്നാലെ വന്ന എയ്ഞ്ജലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായി. ക്രീസിലെത്തി പന്ത് നേരിടാന്‍ വൈകിയതിനെത്തുടര്‍ന്ന് താരം ടൈം ഔട്ടായി പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരത്തില്‍ പുറത്താകുന്ന ആദ്യ താരമാണ് മാത്യൂസ്.

പിന്നാലെ വന്ന ധനഞ്ജയ ഡി സില്‍വയെ കൂട്ടുപിടിച്ച് അസലങ്ക തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 34 റണ്‍സെടുത്ത് സില്‍വ പുറത്തായെങ്കിലും പിന്നാലെ വന്ന തീക്ഷണയെ കൂട്ടുപിടിച്ച് താരം ടീം സ്‌കോര്‍ 250 കടത്തി. തീക്ഷണ 22 റണ്‍സെടുത്ത് മടങ്ങി. തീക്ഷണയ്ക്ക് പകരം വന്ന ദുഷ്മന്ത ചമീരയെ സാക്ഷിയാക്കി അസലങ്ക സെഞ്ചുറി തികച്ചു. 101 പന്തില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. ഒടുവില്‍ 49-ാം ഓവറില്‍ അസലങ്ക പുറത്തായി. വമ്പനടിക്ക് ശ്രമിച്ച താരത്തെ തന്‍സിം പുറത്താക്കി. 105 പന്തില്‍ നിന്ന് ആറ് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 108 റണ്‍സെടുത്താണ് അസലങ്ക ക്രീസ് വിട്ടത്. ഇതോടെ ശ്രീലങ്കയുടെ പോരാട്ടം ചുരുങ്ങി.

പിന്നാലെ കസുന്‍ രജിത (0), ചമീര (4) എന്നിവര്‍ കൂടി പുറത്തായതോടെ ശ്രീലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. ബംഗ്ലാദേശിനായി തന്‍സിം മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷൊറീഫുള്‍ ഇസ്ലാമും ഷാക്കിബ് അല്‍ ഹസ്സനും രണ്ട് വിക്കറ്റ് വീതം നേടി. മെഹ്ദി ഹസ്സന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here