സംസ്ഥാനത്തെ ഹയർ സെക്കന്‍ഡറി വരെയുള്ള വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. അതേസമയം, നവകേരള സദസിന് മുന്നോടിയായി മലപ്പുറം നിലമ്പൂരില്‍ നടന്ന വിളംബര ജാഥയില്‍ ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

വിദ്യാർഥികൾ നാടിന്റെ സമ്പത്താണ്. അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുകൾ തിങ്കളാഴ്ച്ചയോടെ പിൻവലിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾ ചോദ്യം ചെയ്ത് കാസർഗോഡ് സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഉപഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

നവകേരള സദസ്സിനായി സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുൾപ്പെടെ പിൻവലിക്കുമെന്നാണ് സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയിട്ടുള്ളത്. നവകേരള സദസിന് മുന്നോടിയായി മലപ്പുറം നിലമ്പൂരില്‍ നടന്ന വിളംബര ജാഥയില്‍ ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ അനുമതിയില്ലാതെയാണ് റാലിയില്‍ പങ്കെടുപ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here