തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ വനിത ഡോക്ടർ ഷഹനയുടെ ആത്മഹത്യക്കുറിപ്പില്‍ ഡോ. റുവൈസിന്റെ പേരുണ്ടെന്നു റിമാന്‍ഡ് റിപ്പോർട്ട്. വിവാഹ വാഗ്ദാനം നൽകി ജീവിതം നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് കുറിപ്പില്‍ പറയുന്നു. ഒന്നരകിലോ സ്വർണവും ഏക്കറുകണക്കിന് വസ്തുവും ചോദിച്ചാൽ കൊടുക്കാനില്ലന്നതാണ് സത്യമെന്നും ഷഹന കുറിപ്പില്‍ എഴുതി.

റുവൈസ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ വനിത ഡോക്ടർ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ ഡോക്ടർ ഇ.എ റുവൈസ് അറസ്റ്റിൽ. ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ റുവൈസ് വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നതിൽ നിർണായക തെളിവായി ഷഹ്നയുടെ ആത്മഹത്യാ കുറിപ്പ്. മരിക്കുന്നതിന്റെ തലേ ദിവസവും സ്ത്രീധന കാര്യം പറഞ്ഞ് ഷഹ്ന റുവൈസിന് സന്ദേശം അയച്ചെന്നും പൊലീസ്. റുവൈസിനെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രിയും കർശന നടപടിയെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. റുവൈസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇടത്തരം കുടുംബത്തിൽ നിന്ന് മിടുക്കിയായി പഠിച്ച് ഡോക്ടറായി ഉയർന്ന് വന്ന ഷഹ്നയുടെ ജീവിതം പാതിവഴിയിൽ പൊലിയാൻ കാരണം സ്ത്രീധനം എന്ന സാമൂഹ്യ വിപത്തെന്ന് പൊലിസും സ്ഥിരീകരിക്കുകയാണ്. പി.ജി ഡോക്ടർമാരുടെ സംഘടനയുടെ സംസ്ഥാന നേതാവായിരുന്ന ഡോ. റുവൈസാണ് പ്രണയം വിവാഹത്തിലെത്തണമെങ്കിൽ കോടികൾ സ്ത്രീധനമായി ചോദിച്ചതും അത് നൽകാനാവാത്തതിനാൽ വിവാഹത്തിൽ നിന്ന് പിൻമാറിയതും. ഇന്ന് പുലർച്ച കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്നാണ് ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റുവൈസിനെ പിടികൂടിയത്. റുവൈസിനെതിരായ പ്രധാന തെളിവാണ് ആത്മഹത്യാ കുറിപ്പ്. മനുഷ്യനും സ്നേഹത്തിനും വിലയില്ലേയെന്ന് ചോദിക്കുന്ന ഷഹ്ന അവരുടെ സ്ത്രീധനമോഹം എന്റെ ജീവിതം അവസാനിപ്പിച്ചെന്നും എഴുതി. മരിക്കുന്നതിന്റെ തലേ ദിവസമായ തിങ്കളാഴ്ചയും ഷഹ്ന റുവൈസിന് വാട്സപ്പ് സന്ദേശം അയച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത നിലയിലാണങ്കിലും സ്ത്രീധനത്തേക്കുറിച്ചായിരുന്നു മെസേജെന് റുവൈസ് സമ്മതിച്ചതായി പൊലീസ് പറയുന്നു.

അറസ്റ്റിലായതിന് പിന്നാലെ റുവൈസിനെ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം മെഡിക്കൽ കോളജ് സൂപ്രണ്ട് സസ്പെൻഡ് ചെയ്തു. സ്ത്രീധനത്തിനെതീരെ പൊതുബോധം ഉയരണമെന്ന നിർദേശമാണ് മുഖ്യമന്ത്രിക്ക്. കൊല്ലത്ത് വിസ്മയയുടെ മരണശേഷവും ഇത്തരം ഉപദേശങ്ങളും നടപടി പ്രഖ്യാപനങ്ങളും ഉയർന്നെങ്കിലും ഇവിടെ ഒന്നും മാറിയിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഷഹ്നയുടെ ആത്മഹത്യ.

LEAVE A REPLY

Please enter your comment!
Please enter your name here