ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തില്‍ എസ്.എഫ്.ഐക്കാര്‍ക്ക് ജാമ്യമില്ല. കുറ്റം പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതിയുടെ വിലയിരുത്തല്‍. അതേസമയം പ്രതിഷേധം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച തിരുവനന്തപുരം കമ്മീഷണര്‍ അത് മനപ്പൂര്‍വമല്ലെന്ന് കാണിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുമില്ല.

രാഷ്ട്രപതിയെയും ഗവര്‍ണറെയും ആക്രമിക്കുമ്പോള്‍ ചുമത്തുന്ന ഗുരുതര വകുപ്പായ ഐപിസി 124 ഉള്‍പ്പടെ ചുമത്തിയിരുന്നെങ്കിലും വാദത്തിനിടെ എസ്.എഫ്.ഐയെ സംരക്ഷിക്കാനായി പ്രോസിക്യൂഷന്‍ നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ കുറ്റം പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തിയതോടെയാണ് ഏഴ് എസ്.എഫ്.ഐക്കാര്‍ക്ക് ജാമ്യം നിഷേധിച്ചത്.

അതേസമയം ഗവര്‍ണറുടെ വാഹനം രണ്ട് സെക്കന്റോളം എസ്.എഫ്.ഐക്കാര്‍ റോഡില്‍ തടഞ്ഞിട്ടെന്നും പ്രതിഷേധക്കാര്‍ വാഹനത്തിലടിച്ചെന്നും സമ്മതിച്ച് കമ്മീഷണര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത് വീഴ്ചയാണങ്കിലും മനപ്പൂര്‍വമോ ആരെങ്കിലും ഉത്തരവാദികളോ അല്ലെന്നാണ് കമ്മീഷണറുടെ കണ്ടെത്തല്‍. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അധികമായ എസ്കോര്‍ടും പൈലറ്റും ഏര്‍പ്പെടുത്തി സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ തമ്പടിച്ച നാലിടങ്ങളില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. എന്നാല്‍ പാളയത്ത് ഹോട്ടലുകളുള്ള ഭാഗത്ത് കടകളിലെത്തിയ നാട്ടുകാരെന്ന രീതിയില്‍ എസ്.എഫ്.ഐക്കാര്‍ പതുങ്ങിയിരിക്കുകയും വാഹനം എത്തിയപ്പോള്‍ കുതിച്ച് ചാടുകയും ചെയ്തു. ഇതാണ് വാഹനം തടയുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്ക് Z+ സുരക്ഷയാണങ്കിലും ഓരോ യാത്രയിലും ബാരിക്കേഡ് സ്ഥാപിച്ച് പൊതുഗതാഗതം പൂര്‍ണമായി തടഞ്ഞ് സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഭാവിയില്‍ അത്തരം സുരക്ഷ ഒരുക്കണോയെന്ന് രാജ്ഭവനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സി.എച്ച്. നാഗരാജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here