കൊല്ലം തേവലക്കരയിൽ മരുമകൾ വയോധികയെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. കൊല്ലം എസ്പിയോട് ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആറ് വർഷത്തിലധികമായി മരുമകൾ മഞ്ജുമോൾ തോമസ് തന്നെ തുടർച്ചയായി ഉപദ്രവിച്ചുവരികയാണെന്ന് 80 വയസുകാരിയായ ഏലിയാമ്മ വർഗീസ് വെളിപ്പെടുത്തിയിരുന്നു. ഹയർ സെക്കന്ററി അധ്യാപികയായ മഞ്ജുമോളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വൃത്തിയില്ലെന്ന കാരണം പറഞ്ഞാണ് മരുമകൾ വയോ​ധികയെ മർദിച്ചിരുന്നത്. മർദനത്തിനിടെ താൻ നിലത്തേക്ക് വീണാൽ നിലത്തിട്ട് ചവിട്ടാറുണ്ടെന്നും വയോധിക പറഞ്ഞിരുന്നു. നാലുമാസം മുൻപ് വൃദ്ധയ്ക്ക് മർദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. വയോധികയെ മരുമകൾ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. ഇതിനുശേഷവും മരുമകൾ വയോധികയെ മർദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here