തൃശൂര്‍: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിന്റെ വേദിയില്‍ പ്രധാനമന്ത്രിയോടൊപ്പം മറിയക്കുട്ടിയും പങ്കെടുക്കും. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് അടിമാലി ടൗണില്‍ പിച്ചച്ചട്ടിയുമായി പ്രതിഷേധിച്ച സമരനായികമാരാണ് മറിയക്കുട്ടിയും അന്നയും. പ്രതിഷേധങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മറിക്കുട്ടിയെ ചടങ്ങിന്റെ ഭാഗമാക്കുന്നതിലൂടെ കൂടുതല്‍ ജനപ്രീതി ലക്ഷ്യമിടുകയാണ് ബിജെപി.

നടി ശോഭന, ക്രിക്കറ്റ് താരം മിന്നുമണി എന്നിവരും വ്യവസായി ബീനാ കണ്ണന്‍, പത്മശ്രീ സോസമ്മ ഐപ്പ്, സാമുഹ്യ പ്രവര്‍ത്തകന്‍ ഉമാ പ്രേമന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. പൊതുസമ്മേളന വേദിയില്‍ വനിതകള്‍ക്കു മാത്രമാണ് പ്രവേശനം. എല്ലാ രംഗത്തു നിന്നുമുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് ചടങ്ങ് കൊഴുപ്പിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്.

ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തും. ജനറല്‍ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും. മൂന്നു മണിക്ക് തേക്കിന്‍കാട് മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ രണ്ടുലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 4.30നു റോഡ് മാര്‍ഗം തിരികെ കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്ററില്‍ നെടുമ്പാശേരിയിലേക്കു തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here