കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് പ്രദര്‍ശനമായ ഫുഡ്‌ടെക് കേരളയുടെ പതിനഞ്ചാമത് പതിപ്പ് 2024 ജനുവരി 10 മുതല്‍ 12 വരെ കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ ചെറുതും വലുതുമായ ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്ന മെഷീനറി, പാക്കേജിംഗ് ഉപകരണങ്ങള്‍, ചേരുവകള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 60ലേറെ സ്ഥാപനങ്ങള്‍ ഫുഡ്‌ടെകില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.

കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), നബാര്‍ഡ്, എന്‍എസ്‌ഐസി, നോര്‍ക-റൂട്ട്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും പ്രദര്‍ശനത്തിനുണ്ട്. നബാര്‍ഡ് സംഘടിപ്പിക്കുന്ന ഫുഡ് പ്രോസസ്സിംഗ് ഫണ്ട്-ഇന്‍വെസ്റ്റര്‍ മീറ്റ്, രണ്ടാം ദിവസം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് പാക്കേജിംഗ് (ഐഐപി) സംഘടിപ്പിക്കുന്ന ഏകദിന ഫുഡ് പാക്കേജിംഗ് പരിശീലന പരിപാടി എന്നിവയാകും ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ മുഖ്യആകര്‍ഷണങ്ങളെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഇവയ്ക്കു പുറമെ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെ-ബിപ് സ്‌പോണ്‍സര്‍ ചെയ്യുന്ന 20 എസ്എംഇ യൂണിറ്റുകളുടെ വ്യാവസായിക പവലിയനും മേളയുടെ ഭാഗമാകും. ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് ഉപകരണ സപ്ലയര്‍മാര്‍, അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും വാങ്ങാനുമെത്തുന്ന സംസ്ഥാനത്തെ വ്യവസായികള്‍ എന്നിവരെ ബന്ധിപ്പിക്കുന്ന പൊതുവേദിയാവുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണി ഒഴിഞ്ഞതിനെത്തുടര്‍ന്ന് കേരളത്തിലെ ഭക്ഷ്യവ്യവസായം, വിശേഷിച്ചും ചെറുകിട യൂണിറ്റുകളും ഹോം ബേക്കര്‍മാരും വന്‍കുതിപ്പിലാണ്. ‘സംസ്ഥാനത്തുടനീളം ഭക്ഷ്യസംസ്‌കരണ വ്യവസായം മികച്ച വളര്‍ച്ചയാണ് കാഴ്ചവെയ്ക്കുന്നത്. പ്രത്യേകിച്ചും ഏറ്റവുമധികം ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകളുള്ള എറണാകുളം ജില്ലയില്‍. ഇവിടെ മാത്രം 50,000-ത്തിലേറെപ്പേരാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യം, മാംസം, എണ്ണകള്‍, റെഡി-റ്റു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ഉല്‍പ്പന്നനിരകളാണ് ജില്ലയിലെ ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

വിദേശങ്ങളില്‍ നിന്ന് തിരിച്ചു വന്ന് സംസ്ഥാനത്തെ ഫുഡ്, ഹൊറേക മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് ഫുഡ്‌ടെക് പ്രദര്‍ശനം മികച്ച വഴികാട്ടിയാകുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യസംസ്‌കരണ വ്യവസായത്തിന്റെ അടിത്തറ ഏറെ ശക്തമാണ്. ഈ മേഖലയുടെ സാമ്പത്തിക ഉന്നമനത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖല വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. സമീപകാലത്ത് മൊത്തം വിറ്റുവരവ്, മൂല്യവര്‍ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ തുറകളില്‍ മികച്ച വളര്‍ച്ച കാഴ്ചവെയ്ക്കുന്നതില്‍ ഈ മേഖല നിര്‍ണായക സംഭാവനകളാണ് നല്‍കുന്നതെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കൊച്ചി ആസ്ഥാനമായ ക്രൂസ് എക്‌സ്‌പോസാണ് ഫുഡ്‌ടെക് കേരളയുടെ സംഘാടകര്‍. കഴിഞ്ഞ 14 വര്‍ഷമായി ഫുഡ്‌ടെക് ശ്രേണിയില്‍പ്പെട്ട ഒട്ടേറെ ബി2ബി പ്രദര്‍ശനങ്ങള്‍ കമ്പനി സംഘടിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്നരദശകത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര പ്രദര്‍ശന സംഘാടക കമ്പനിയായി വളരാനും ക്രൂസ് എക്‌സ്‌പോസിന് സാധിച്ചിട്ടുണ്ട്.

ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഇഒയുസ് & എസ്ഇഇസഡ്‌സ് റീജിയണല്‍ ചെയര്‍മാനും എപിഎഫ്ഇഡി അതോറിറ്റി അംഗവും നികാസു ഫ്രോസണ്‍ ഫുഡ് സിഎംഡിയുമായ കെ കെ പിള്ള, നബാര്‍ഡ് ഇടുക്കി എറണാകുളം എജിഎം അജീഷ് ബാലു സി ജെ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Organised by:
CRUZ EXPOS
Chingam, K. P. Vallon Road, Kadavanthra, Kochi- 682 020. India
Mob: +91 8893304450
mail: joseph@cruzexpos.com
www.foodtechkerala.com

LEAVE A REPLY

Please enter your comment!
Please enter your name here