തൃശൂര്‍: സാഹിത്യ അക്കാദമിയുടെ രാജ്യാന്തര സാഹിത്യോത്സവത്തില്‍ പങ്കെടുത്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പ്രതിഫലം കുറഞ്ഞുപോയത് ഭരണതലത്തില്‍ വന്ന വീഴ്ചയെന്ന് പ്രസിഡന്റ് സച്ചിദാനന്ദന്‍. താനോ സെക്രട്ടറിയോ അറിഞ്ഞ കാര്യമല്ല ഇത്. അറിഞ്ഞപ്പോള്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി സച്ചിദാനന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞു.

പരിമിതമായ ഫണ്ടു കൊണ്ടാണ് അക്കാദമി സാഹിത്യോത്സവം നടത്തുന്നത്. സാധാരണ എല്ലാ എഴുത്തുകാര്‍ക്കും ആയിരം രൂപയാണ് കൊടുക്കുന്നത്. എഴുത്തുകാര്‍ സഞ്ചരിച്ചെത്തുന്ന ദൂരം കണക്കാക്കി പണം നല്‍കുന്ന രീതിയാണ് അക്കാദമി പണ്ടു മുതലേ തന്നെ സ്വീകരിച്ചുവരുന്നത്. അതു യാന്ത്രികമായി ഫോളോ ചെയ്യുകയാണ് ഓഫിസ് ചെയ്തത്. ബാലചന്ദ്രന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണ്ടതായിരുന്നു. അദ്ദേഹം കൂടുതല്‍ നേരം സംസാരിച്ചു, അതിനു വേണ്ടി കൂടുതല്‍ പ്രയത്നിച്ചിട്ടുമുണ്ട്.

നിയമപ്രകാരം ഓഫിസ് ചെയ്തതില്‍ തെറ്റു പറയാനാവില്ല. എന്നാല്‍ ബാലചന്ദ്രന് മാന്യമായ പ്രതിഫലം നല്‍കാനുള്ള തീരുമാനമുണ്ടായിട്ടുണ്ട്. അദ്ദേഹത്തോട ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇങ്ങനെ സംഭവിച്ചതില്‍ തനിക്കു ഖേദമുണ്ട്. താന്‍ വിളിച്ചതുകൊണ്ടു മാത്രം അക്കാദമിയില്‍ വന്നയാളാണ്. എഴുത്തുകാര്‍ക്കു പൊതുവേ പ്രതിഫലം കുറച്ചുനല്‍കുന്നത് പൊതുവായ പ്രശ്നമാണ്. അതൊരു സാമുഹ്യ പ്രശ്നമായി കാണണം. അതാണ് ബാലചന്ദ്രന്‍ ഉയര്‍ത്തിയത്. അതില്‍ പൂര്‍ണമായും ബാലനൊപ്പമാണ്- അക്കാദമി അധ്യക്ഷന്‍ പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സാമൂഹ്യ മാധ്യമത്തിലൂടെയാണ് അറിയിച്ചത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here