ന്യൂയോർക്ക്: ഡിഫറൻറ് ആർട്ട് സെന്റർ -ഗോപിനാഥ് മുതുകാട് വിമർശനവിഷയം അറിഞ്ഞ് DAC സന്ദർശിച്ച ശേഷം വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മുൻ ഫൊക്കാന പ്രസിഡണ്ടും പ്രമുഖ അമേരിക്കൻ മലയാളിയുമായ പോൾ കറുകപ്പള്ളി. കഴിഞ്ഞ കുറെ വർഷങ്ങളായി മാജിക് പ്ലാനറ്റിൽ വരികയും ഫൊക്കാനയുമായി ബന്ധപ്പെട്ട് ഇവിടുത്തെ പല കാര്യങ്ങളിൽ സഹകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആരോപണങ്ങൾ ഒട്ടുമിക്കവയും അടിസ്ഥാനരഹിതമാണെന്നും മുതുകാടിനും ടീമിനും ഒപ്പം പല വിദേശയാത്രകളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സെലിബ്രിറ്റി ആയിരുന്നിട്ടുകൂടി മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ലാളിത്യമാർന്ന പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. DACലെ കുട്ടികളോടുള്ള മുതുകാടിന്റെ നിഷ്കളങ്ക സ്നേഹം നേരിൽ കണ്ടിട്ടുണ്ടെന്നും മാജിക് അങ്കിൾ എന്നു കേൾക്കുമ്പോൾ തന്നെ കുട്ടികളുടെ ആവേശവും സ്നേഹവും ആരവമായി ഉയരുന്നതും പല തവണ നേരിൽ കണ്ടു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും
ശ്രീമതി ലതാ കറുകപ്പള്ളി പറഞ്ഞു.

അന്തർദ്ദേശീയ നിലവാരത്തിലുള്ള ISO അംഗീകാരമുള്ള ഈ സ്ഥാപനം ഇത്രയും നല്ല രീതിയിൽ കൊണ്ടുപ്പോകാൻ മുതുകാട് നേതൃത്വംകൊടുക്കുന്ന ടീം അത്രമാത്രം അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്നതുകൊണ്ടാണെന്ന് ഇവിടം സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും. ഉല്ലാസഭരിതരായ ഭിന്നശേഷികുട്ടികൾ അവരുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതുകണ്ടാൽ ആരും അത്ഭുതപ്പെട്ടുപ്പോകും. ആദ്യകാലത്ത് ഇവിടെ വരുമ്പോൾ കുട്ടികൾ ഇത്ര മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നില്ലെന്നും ഇപ്പോൾ അവരുടെ മാറ്റം പ്രശംസനീയമാണെന്നും ലത കറുകപ്പള്ളി സാക്ഷ്യപ്പെടുത്തി. ഇവിടുത്തെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആത്മാർത്ഥമായ പരിശ്രമമാണ് ഈ മാറ്റത്തിനുപിന്നിലെന്ന് അവർ അഭിപ്രായപ്പെട്ടു.
സ്ഥാപനം മുന്നോട്ടു കൊണ്ടുപ്പോകാൻ ഭാരിച്ചച്ചെലവ് വഹിക്കേണ്ടി വരുന്നു എന്നത് യഥാർത്ഥ വസ്തുതയാണ്. ഒരു കോടിയോ രണ്ടു കോടിയോ ഒന്നും ഈ സ്ഥാപനത്തെസംബന്ധിച്ച് വലിയ തുകയല്ല എന്നും അദ്ദേഹം എടുത്തുപറഞ്ഞു. DAC യിൽ എത്തിയാൽ കുട്ടികളൊടൊപ്പമിരുന്ന് ഒരേ ഭക്ഷണം തന്നെയാണ് കഴിക്കാറുള്ളതെന്നും അദ്ദേഹംപറഞ്ഞു. ഇപ്പോൾ അവിടെയുള്ള കുട്ടികളോടും മാതാപിതാക്കളോടും സംസാരിച്ചിരുന്നതായും അവർ സംതൃപ്തരാണെന്നും പോൾ കറുകപ്പള്ളി എടുത്തു പറഞ്ഞു. ആരോപണങ്ങളും വിമർശനങ്ങളും കേട്ട് നൽകിവരുന്ന സഹായം നിറുത്തുകയില്ലെന്നും തുടർന്നു സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്ഥാപനം മാതൃകയാക്കി കേരളത്തിൽ ഇത്തരം സ്ഥാപനങ്ങൾ കൂടുതൽ ഉണ്ടാകേണ്ട ആവശ്യമുണ്ടെന്ന് ശ്രീ പോൾ കറുകപ്പള്ളി പറയുകയുണ്ടായി. മനുഷ്യസ്നേഹിയായ മുതുകാടിനൊപ്പം എല്ലാ നല്ല പ്രവർത്തനങ്ങൾക്കും കൂടെയുണ്ടാവും എന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണകാര്യത്തിൽ തുടങ്ങി എല്ലാറ്റിലും ലളിത ജീവിതം നയിക്കുന്ന സെലിബ്രിറ്റിയായ മുതുകാടും കുടുംബവും താമസിക്കുന്ന പരിമിത സൗകര്യമുള്ള ഫ്ലാറ്റും ഈ അവസരത്തിൽ സന്ദർശിച്ചിരുന്നതായി പറഞ്ഞു. സെലിബ്രിറ്റിയായി ആഢംബരത്തോടെ ജീവിക്കാൻ എല്ലാ സാഹചര്യമുണ്ടായിരുന്നിട്ടും എല്ലാം മാറ്റിവെച്ച് സ്വന്തം വീടും സ്വത്തും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുവേണ്ടി സമർപ്പിച്ച് മുഴുവൻ സമയവും അവർക്കുവേണ്ടി ജീവിക്കുന്ന ഗോപിനാഥ് മുതുകാട് എന്ന ഇന്ദ്രജാലക്കാരൻ മലയാളികൾക്ക് എന്നും അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇമലയാളി പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കറുകപ്പള്ളി . കൃത്യമായ കണക്കുകൾ സൂക്ഷിച്ച് സത്യസന്ധമായി മുന്നോട്ട് കൊണ്ടു പോകുന്ന ഒരു സ്ഥാപനമാണ് ഡിഫറൻറ് ആർട്ട്സെന്റർ.എന്തെങ്കിലും പോരായ്മയോ വീഴ്ച്ചയോ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം സ്ഥാപനത്തോട് ബന്ധപ്പെടുന്ന എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പകരം സ്ഥാപനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ നൂറുകണക്കിനു ഭിന്നശേഷികുടുംബങ്ങളെക്കൂടിയാണ് നശിപ്പിക്കുന്നുവെന്ന കാര്യം മറന്നുപ്പോകരുതെന്ന് ഓർമ്മിപ്പിച്ചുക്കൊണ്ടാണ് മറുപടി അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here