കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി. രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും.

സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചു. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്. പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്.

പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു. 12 പ്രതികളായിരുന്നു അപ്പീല്‍ നല്‍കിയത്. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഐഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു കെകെ രമയുടെ അപ്പീല്‍. 2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു സിപിഐഎം വിട്ട് ആര്‍എംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ടിപി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം. കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഐഎം ആവര്‍ത്തിച്ചത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ മാസങ്ങളോളം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here