ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികളായി. തിരുവനന്തപുരത്ത് മത്സരിക്കുന്നതിന് പന്ന്യന്‍ രവീന്ദ്രന്‍ പാര്‍ട്ടിയെ സമ്മതമറിയിച്ചു. വയനാട്ടില്‍ ആനി രാജയും തൃശൂരില്‍ വി.എസ്.സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാറും മത്സരിക്കും. 26ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സി.പി.ഐ നേതൃത്വത്തിന്‍റെ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തിരുവനന്തപുരത്ത് മത്സരിക്കാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മതം മൂളിയത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പന്ന്യനുമായി നടത്തിയ ചര്‍ച്ച നിര്‍ണായകമായി. നിര്‍ണായക തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് വ്യാപകബന്ധങ്ങളുള്ള മുതിര്‍ന്ന നേതാവ് മത്സരിക്കണമെന്ന പാര്‍ട്ടിയുടെ നിലപാട് അറിയിച്ചു. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമെന്ന നാണക്കേട് ആവര്‍ത്തിക്കാതിരിക്കണമെന്ന നിര്‍ബന്ധവും പാര്‍ട്ടിക്കുണ്ട്. നാളെ സി.പി.ഐയുടെ ജില്ലാ എക്സിക്യൂട്ടീവും കൗണ്‍സിലും ചേര്‍ന്ന് പന്ന്യന്‍റെ പേര് നിര്‍ദേശിക്കും. പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ ജയിച്ചശേഷം സിപിഐക്ക് കിട്ടാക്കനിയാണ് തിരുവനന്തപുരം. 2009ല്‍ മത്സരിക്കാനില്ലെന്ന പന്ന്യന്‍റെ നിലപാടിന് പാര്‍ട്ടി വഴങ്ങിയിരുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ നേതാവ് മത്സരിക്കണമെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. അങ്ങനെയാണ് ദേശീയ നിര്‍വാഹക സമിതിയംഗം കൂടിയായ മഹിളാ നേതാവ് ആനി രാജ മത്സരിക്കട്ടെ എന്ന ധാരണ രൂപപ്പെട്ടത്. തൃശൂരില്‍ നേരത്തെ കരുതിയതുപോലെ മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിനെയും മാവേലിക്കരയില്‍ യുവനേതാവ് സി.എ.അരുണ്‍ കുമാറിനെയും മത്സരിപ്പിക്കാനും ധാരണായി. ഇന്നു ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം ജില്ലാ നേതൃത്വങ്ങളോട് അടിയന്തരമായി യോഗം ചേരാനും സ്ഥാനാര്‍ഥികളുടെ പാനല്‍ നല്‍കാനും നിര്‍ദേശിച്ചു. ജില്ലാ നേതൃത്വങ്ങളില്‍ നിന്ന് വരുന്ന പാനല്‍ 26ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്നാകും സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here