ഗുവാഹത്തി: മണിപ്പൂരില്‍ കലാപത്തിനു വഴിവച്ച ഉത്തരവ് തിരുത്തി മണിപ്പൂര്‍ ഹൈക്കോടതി. ഭൂരിപക്ഷ ജന വിഭാഗമായ മെയ്‌തെയ് വിഭാഗത്തെ പട്ടിക വര്‍ഗമായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടിക വര്‍ഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു ഉത്തരവിട്ടതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപം ഒരു വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാനം ഇതുവരെ സാധാരണ നിലയിലേക്ക് ആയിട്ടില്ല. കലാപത്തില്‍ ഏതാണ്ട് ഇരുന്നൂറിനു മുകളില്‍ ആളുകളാണ് മരിച്ചത്. പുതിയ ഉത്തരവില്‍ ഗോത്ര വിഭാഗങ്ങളെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മുന്‍ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു.

പട്ടിക വര്‍ഗ പട്ടികയില്‍ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികള്‍ക്കു സാധിക്കില്ല. കേന്ദ്ര സര്‍ക്കാരിനാണു അതിന്റെ ചുമതലയെന്നും അന്ന് ഭരണഘടനാ ബഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് അന്നത്തെ ഹൈക്കോടതി ഉത്തരവിലെ നിര്‍ദ്ദേശം റദ്ദാക്കാന്‍ ജസ്റ്റിസ് ഗോല്‍മി ഗൈഫുല്‍ഷില്ലു ഉത്തരവിട്ടത്. 2023 മാര്‍ച്ച് 27നു ആക്ടിങ് ചീഫ് ജസ്റ്റിസ് എംവി മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും നേരത്തെ ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു പരമോന്നത കോടതി അന്നു ചോദ്യം ഉന്നയിച്ചത്.

ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്‌തെയ് വിഭാഗത്തിനു പട്ടിക വര്‍ഗ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ സംഘടന ചുരാചന്ദ്പുരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് പിന്നീട് കലാപമായി മാറിയത്. മെയ്‌തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂള്‍ഡ് ട്രൈബ് ഡിമാന്‍ഡ് കമ്മിറ്റി മണിപ്പൂരും രംഗത്തിറങ്ങിയതോടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ജനം ഏറ്റമുട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here