ലോകാരോഗ്യ സംഘടന (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍)   വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരം എന്ന സുപ്രധാന നേട്ടം കൊച്ചി കൈവരിച്ചു. ഇന്നലെ (29.02.2024) വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ ആസ്ഥാനമായ ജനീവയില്‍ വെച്ചാണ് ഈ സുപ്രധാനപ്രഖ്യാപനം  നടന്നത്. കൊച്ചി നഗരം വയോജനങ്ങൾക്കായി നടത്തുന്ന പദ്ധതികള്‍ക്ക് അംഗീകാരമെന്ന നിലയിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മറ്റ് നഗരങ്ങളിലെ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനുമായി 2024 ജൂണ്‍ 14-ാം തീയതി കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ലോകാരോഗ്യ സംഘടനയുടെ ലീഡര്‍ ഷിപ്പ് സബ്മിറ്റില്‍ ലോകനഗരങ്ങളുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. വയോജന സൗഹൃദ നഗരം എന്ന പദവി ലഭിക്കുന്നതിന് ഇതും ഒരു പ്രധാന ഘടകമായിരുന്നു.മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും മാനസികവും ശാരീരികാരോഗ്യത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ മൂന്നുവര്‍ഷമായി കൊച്ചി നഗരസഭ നടത്തിയ പരിശ്രമങ്ങള്‍ക്കായുള്ള അംഗീകാരമാണ് ഈ വലിയ  നേട്ടം. പ്രവാസി കോൺക്ലെവ് ട്രസ്റ്റിന്റെ സെക്രട്ടറിയും, മാജിക്സ്  എൻ ജി ഒ യുടെ ചെയർമാനുമായ ഡോ. പ്രവീൺ ജി പൈ ആണ് ഈ മഹത്തായ നേട്ടം കൈവരിക്കുന്നതിനുള്ള എല്ലാവിധ പരിപാടികൾക്കും ചുക്കാൻ പിടിച്ചത്. പ്രസ്തുത സ്ഥാപനങ്ങൾക്കൊപ്പം ഐ.എം.എ. എന്ന സംഘടനയുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്കടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികളും പരിപാടികളും നഗരസഭ ഈ കാലയളവില്‍ നടപ്പിലാക്കി. പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിര്‍ന്നവരുടെ സാമൂഹികമായ ജീവിതത്തിന് ഉതകുന്ന സൗകര്യങ്ങള്‍ ഒരുക്കുക, വയോജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക, കോളേജുകളുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയിലുള്ള പരിശീലനം ലഭ്യമാക്കുന്ന വയോവിജ്ഞാനം പദ്ധതി, വയോജനങ്ങള്‍ക്ക് മാത്രമായുള്ള സീനിയര്‍ ടാക്സി സര്‍വീസ്, മാതൃകാ സായം പ്രഭ പകല്‍ വീട് എന്നിവയടക്കമുള്ള നിരവധി നൂതന പദ്ധതികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കൊച്ചി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ദന്തസംരക്ഷണത്തില്‍ ഊന്നിയുള്ള വയോസ്മിതം പദ്ധതി,  വയോജനങ്ങളുടെ വിനോദസഞ്ചാര പരിപാടിയായ ജെറിയാട്രിക് ടൂറിസം പദ്ധതി, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള കായികമേള, മുതിര്‍ന്ന പൗരന്മാരുടെ പ്രതിഭ കണ്ടെത്തുന്നതിനായുള്ള വയോപ്രതിഭ പദ്ധതി എന്നിവയും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. വയോമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുന്ന ശരാശരി നാലായിരത്തോളം വയോജനങ്ങള്‍ക്ക് പ്രയോജനമാകും വിധം വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. തേവരയിലെ വൃദ്ധസദനം മന്ദിരം, മൂന്ന് ഓള്‍ഡ് എയ്ജ് ഹോം ക്ലിനിക്കുകള്‍ എന്നിവ അടക്കം നല്‍പ്പത്തഞ്ചോളം ക്ലിനിക്കുകള്‍ വയോജനങ്ങള്‍ക്കായി നഗരസഭ നടത്തിവരുന്നുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ അടക്കമുള്ള വാര്‍ദ്ധക്ക്യസഹജമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകളും ഇന്‍സുലിന്‍ അടക്കമുള്ള മറ്റ് ആവശ്യ മരുന്നുകളും വയോജനങ്ങള്‍ക്കായി നല്‍കിവരുന്നുണ്ട്. നാല്‍പ്പത്തഞ്ച് ക്ലിനിക്കുകളും കേന്ദ്രീകരിച്ച് വയോജന ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ക്ലബ്ബ് മുഖേന വിനോദയാത്രാ, കലാപ്രദര്‍ശങ്ങള്‍, സൗഹൃദ ചര്‍ച്ചകള്‍, യോഗാ ക്ലാസ്, ബോധവത്ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചുവരുന്നുണ്ട്. വയോജനങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും കൊച്ചി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്.


മുതിര്‍ന്നവര്‍ക്ക് എല്ലാ മേഖലയുമായി ബന്ധപ്പെട്ട സഹായത്തിനു വേണ്ടി രൂപീകരിച്ചിട്ടുള്ള എല്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ പദ്ധതി, എമര്‍ജന്‍സി മാനേജ് മെന്‍റ് ആന്‍റ് എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം, കായിക വിനോദ മേഖലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കൊപ്പം വിവിധ പ്രായവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജെനറേഷന്‍ ഗെയിംഗ് പദ്ധതി, പ്രായമായവരിലെ പോഷകാഹാരശീലം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള മൈക്രോഗ്രീന്‍സ് പദ്ധതി, മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ വീടുകളിലെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്തു നല്‍കുന്നതിനായുള്ളാ ഹോം മെയിന്‍റനന്‍സ് സേവനങ്ങള്‍, വയോജനങ്ങള്‍ക്ക് ആവശ്യമായ സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ്, ഹോം കൗണ്‍സിലിംഗ്, വൈദ്യ സഹായം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള സല്ലാപം തുടങ്ങീ പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്.


സജീവമായ വാര്‍ദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രായമായ പൗരന്മാര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള കൊച്ചിയുടെ പ്രതിബദ്ധത ലോകമെമ്പാടുമുള്ള നഗരങ്ങള്‍ക്ക് പ്രചോദനമാകുന്നതിന് കൊച്ചിക്ക് ലഭിച്ച ഈ രാജ്യാനന്തര അംഗീകാരം തീര്‍ച്ചയായും കാരണമാകും.
എല്ലാ പ്രായത്തിലുള്ളവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ഈ അംഗീകാരം കൊച്ചിയെ  സഹായിക്കും. സംതൃപ്തവും മാന്യവുമായ ജീവിതം നയിക്കാന്‍ മുതിര്‍ന്നവരെ പിന്തുണയ്ക്കുന്നതിന് ദേശീയ-അന്തര്‍ദേശീയ സഹകരണങ്ങള്‍ ഇതിലൂടെ ലഭ്യമാകും. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി അനുഭവങ്ങള്‍ പങ്കിടാനുള്ള അവസരവും കൊച്ചി നഗരത്തിനും നമ്മുടെ സംസ്ഥാനത്തിനും ഈ പദവിയിലൂടെ ലഭ്യമാകും.


നഗരസഭയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ എറ്റവും പ്രാധാന്യം നല്‍കിയ മേഖല വയോജന സൗഹൃദം ആയിരുന്നു. കൊച്ചിയെ വയോജന സൗഹൃദ നഗരമാക്കുന്നതിന് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി അഞ്ച് കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നീക്കിയിരിക്കുന്നത്. കൊച്ചിയെ വയോജന സൗഹൃദ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികളില്‍ കൊച്ചി നഗരസഭയോടൊപ്പം സഹകരിച്ച പ്രവാസി കോൺക്ലെവ് ട്രസ്റ്റ്‌ സെക്രട്ടറിയും, മാജിക്സ് എൻ ജി ഒ യുടെ ചെയrമാനുമായ ഡോ. പ്രവീൺ ജി പൈക്കും, ഐ.എം.എ. തുടങ്ങിയ എല്ലാ സംഘനകൾക്കും ഈ അവസരത്തില്‍ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here