തിരുവനന്തപുരം/എടത്വ: അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യറിനെ കേരള ഒളിമ്പിക് അസോസിസിയേഷന്‍ ജോ. സെക്രട്ടറിയായി നിയമിച്ചു. ഒരു പതിറ്റാണ്ടില്‍ ഏറെ കാലം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നീന്തല്‍ താരമായിരുന്നു ഇദ്ദേഹം.1998 മുതല്‍ 2009 വരെ 11 വര്‍ഷം 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ദേശീയ റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 22.89 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ റെക്കോര്‍ഡ് സമയം.

ദേശീയ തലത്തില്‍ 75 സ്വര്‍ണവും അന്താരാഷ്ട്ര തലത്തില്‍ 40 മികച്ച ഫിനിഷുകളും നേടിയിട്ടുണ്ട്. 1996 ല്‍ അറ്റ്‌ലാന്റയിലും 1990 മുതല്‍ തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസുകളിലും പങ്കെടുത്ത ഒളിമ്പ്യനായ സേവ്യര്‍ നിലവില്‍ ഇന്ത്യന്‍ റെയില്‍വേയിലെ സീനിയര്‍ സ്‌പോര്‍ട്‌സ് ഓഫീസറാണ്.ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആണ് തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. സെന്റ് അലോഷ്യസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഇദ്ദേഹം 1993, 1997, 1999 എന്നീ വര്‍ഷങ്ങളില്‍ ബെസ്റ്റ് സ്‌പോര്‍ട്‌സ്മാന്‍ അവാര്‍ഡ് പ്രധാനമന്ത്രിയില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്.

1989 മുതല്‍ 2000 വരെ തുടര്‍ച്ചയായി തെക്കെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ നീന്തല്‍ താരം ആയിരുന്നു. രാഷ്ട്രപതിയില്‍ നിന്നും അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കി. സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍ 23 സ്വര്‍ണ്ണവും 1989 മുതല്‍ 2003 വരെ ഓള്‍ ഇന്ത്യ റെയില്‍വെ ചാമ്പ്യന്‍ഷിപ്പില്‍ 83 സ്വര്‍ണ്ണവും കൂടാതെ നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. സെബാസ്റ്റ്യന്‍ സേവ്യറിന് ഊഷ്മളമായ സ്വീകരണം നല്കുമെന്ന് ലയണ്‍സ് ക്ലബ് ഓഫ് എടത്വ ടൗണ്‍ പ്രസിഡന്റ് ലയണ്‍ ബില്‍ബി മാത്യൂ കണ്ടത്തില്‍, സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള, ജോര്‍ജിയന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഡയറക്ടര്‍ ജിജി ചുടുക്കാട്ടില്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്‍വീനര്‍ ലയണ്‍ കെ. ജയചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

എടത്വ ചങ്ങംങ്കരി മണമേല്‍ ഏലിയാമ്മയുടെയും എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്ന പരേതനായ എം.ജെ സേവ്യറിന്റെയും 11 മക്കളില്‍ പത്താമനാണ് സെബാസ്റ്റ്യന്‍ സേവ്യര്‍.അന്തര്‍ദ്ദേശിയ അത്-ലറ്റ് താരം മോളി ചാക്കോയാണ് ഭാര്യ.
മക്കള്‍: എലിസ ബേത്ത് സെബാസ്റ്റ്യന്‍ (ജര്‍മനി), മാര്‍ക്ക് സെബാസ്റ്റ്യന്‍

LEAVE A REPLY

Please enter your comment!
Please enter your name here