കൊച്ചി: സെല്‍ഫ്-റിലീസിംഗ് സംഗീത കലാകാരന്മാര്‍ക്കുള്ള റിലീസിംഗ് പ്ലാറ്റ്‌ഫോമായ ട്യൂണ്‍കോര്‍ നടത്തുന്ന ട്യൂണ്‍കോര്‍ ഗ്രാന്റ് പ്രോഗ്രാം മൂന്നാമത് പതിപ്പോടെ ദക്ഷിണന്ത്യയിലേയ്ക്കും. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ മ്യൂസിക് കമ്പനിയായ ബിലീവിന്റെ ഉടമസ്ഥതയിലുള്ള ട്യൂണ്‍കോര്‍ ഈ പതിപ്പിന്റെ ഭാഗമായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ഓരോ സംഗീത കലാകാരന്മാര്‍ക്കും ഒരു ലക്ഷം രൂപ വീതം ക്യാഷ് എന്‍ഡോവ്‌മെന്റും നല്‍കും. ഇതിനുള്ള എന്‍ട്രികള്‍ മാര്‍ച്ച് 1 മുതല്‍ 31 വരെയുളള തീയതികളില്‍ ട്യൂണ്‍കോറിന്റെ www.tunecore.com എന്ന വെബ്‌സൈറ്റില്‍ സ്വീകരിക്കും.

സംഗീത കലാകാരന്മാര്‍ക്ക് അവര്‍ തനിച്ചു പാടിയതോ കംപോസ് ചെയ്തതോ ആയ ഒരു ഗാനം (സിംഗ്ള്‍) എന്‍ട്രിയായി നല്‍കാം. സംഗീതസംവിധായകരായ സാം സി എസ്, ജിബ്രാന്‍, പാട്ടെഴുത്തുകാരിയും ഗായികയുമായ നേഹ നായര്‍, ഹെഡ് ഓഫ് ആര്‍ടിസ്റ്റ് ആന്‍ഡ് ലേബല്‍ പാര്‍ട്ണര്‍ഷിപ്പ് പത്മനാഭന്‍ എന്‍ എസ് എന്നിവരടങ്ങുന്ന ജൂറി ജേതാക്കളെ തെരഞ്ഞെടുക്കും.

ഉയര്‍ന്നു വരുന്ന സ്വതന്ത്ര കലാകാരന്മാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി 2022ല്‍ ആരംഭിച്ച പരിപാടിയാണ് ട്യൂണ്‍കോര്‍ ഗ്രാന്റ്. രണ്ടു പതിപ്പിലായി ഇതുവരെ 300ഓളം കലാകാരന്മാര്‍ ഇതില്‍ പങ്കെടുത്തു.

തങ്ങളുടെ ഭാഷകളിലെ ഗാനങ്ങളുമായി ഒട്ടേറെ ദക്ഷിണേന്ത്യന്‍ ഗായകര്‍ രംഗത്തു വരുന്നുണ്ടെന്ന് ദക്ഷിണേന്ത്യന്‍ പ്രവേശത്തെക്കുറിച്ച് സംസാരിക്കവെ ട്യൂണ്‍കോര്‍ ഹെഡ്, സൗത്ത് ഏഷ്യ അഖില ശങ്കര്‍ പറഞ്ഞു. ട്യൂണ്‍കോര്‍ ഗ്രാന്റ് പഞ്ചാബിക്ക് തുടക്കം കുറിച്ചപ്പോള്‍ പഞ്ചാബിയില്‍ ട്യൂണ്‍കോറിലൂടെ ഗാനങ്ങള്‍ അവതരിപ്പിക്കുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായി. ഓരോ പതിപ്പ് കഴിയുന്തോറും കൂടുതല്‍ കലാകാരന്മാരെ രംഗത്തെത്തിയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വ്യത്യസ്ത ഭാരതീയ ഭാഷകളിലുള്ള ആവിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കുമെന്നും അഖില ശങ്കര്‍ പറഞ്ഞു.

രാജ്യത്ത് ട്യൂണ്‍കോറിലൂടെ 25ലേറെ ഭാഷകളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഏറെ റിലീസുകള്‍ക്ക് സാക്ഷ്യം വഹിച്ച ഭാഷകള്‍ എന്ന നിലയിലാണ് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളെ ഈ പതിപ്പിനു തെരഞ്ഞെടുത്തത്.

പ്രാദേശികമായ സംഗീത സംസ്‌കാരം ലോകമെങ്ങും എത്തിക്കുകയെന്നതാണ് തങ്ങളുടെ ആഗോള പരിപാടിയെന്ന് ട്യൂണ്‍കോര്‍ വിപി ഇന്റര്‍നാഷനല്‍ താഷ് ഷാ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്യൂണ്‍കോര്‍ ഗ്രാന്റിന്റെ ദക്ഷിണേന്ത്യന്‍ പ്രവേശനം. താഴേത്തട്ടിലെ സാമ്പത്തിക പിന്തുണ ഈ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, അദ്ദേഹം പറഞ്ഞു.

ലോകമെങ്ങുമുള്ള പ്രാദേശിക ഭാഷകളില്‍ പാടുന്നവരെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ബിലീവിന്റെ നയമെന്ന് ബിലീവ് ഇന്ത്യാ ആന്‍ഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ വിവേക് റെയ്‌ന പറഞ്ഞു. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വതന്ത്ര സംഗീത മേഖല വളരുമ്പോള്‍ ഞങ്ങളുടെ ശൃംഖലകളിലൂടെയും പരിപാടികളിലൂടെയും അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനാണ് ബിലീവ് ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു.

ട്യൂണ്‍കോര്‍ ഗ്രാന്റ് സൗത്ത് ഇന്ത്യയിലേയ്ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതു സംബന്ധിച്ചും മറ്റുമുള്ള വിശദവിവരങ്ങള്‍ ട്യൂണ്‍കോറിന്റെ വെബ്‌സൈറ്റിലും @tunecore.ind എന്ന ഇന്‍സ്റ്റഗ്രാം പേജിലും ലഭിക്കും. എല്ലാ വിഭാഗങ്ങളിലും പെട്ട പാട്ടുകാര്‍ക്ക് പങ്കെടുക്കാം. അതത് ഭാഷയില്‍ പാടിയ ഒരു സിംഗ്ള്‍ ഗാനമാണ് സമര്‍പ്പിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here