ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിക്കും ഇന്ന് ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിക്കുക. മുതിര്‍ന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായും പത്മജ ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു പോസ്റ്റും പത്മജ നീക്കം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് അടുത്തിടെ പത്മജയെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

സഹോദരന്‍ കെ മുരളീധരന്‍ വടകരയില്‍ നിന്നും മത്സരിക്കാനിരിക്കെ പത്മജയുടെ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകും. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരന്റെ മകളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞത് ബിജെപി പ്രചാരണ ആയുധമാക്കും. നേരത്തെ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ബിജെപി പാളയത്തിലെത്തിയിരുന്നു.

ബിജെപി പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പത്മജ വേണുഗോപാല്‍ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ നിന്നും കോണ്‍ഗ്രസ് പദവി നീക്കം ചെയ്തു. ഫേസ്ബുക്ക് ബയോയില്‍ പാര്‍ട്ടി പദവിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് മാറ്റി പൊളിറ്റീഷ്യന്‍ എന്ന് മാത്രമാക്കി തിരുത്തിയിട്ടുണ്ട്. താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും പത്മജ കോണ്‍ഗ്രസ് ബന്ധം എടുത്ത് കളഞ്ഞത്.

പുതിയ കവര്‍ ചിത്രവും പത്മജ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പത്മജയെ വിമര്‍ശിച്ച് നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. അച്ഛനെ ഓര്‍ത്തിരുന്നെങ്കില്‍ പത്മജ വേണുഗോപാല്‍ ആര്‍എസ്എസിനൊപ്പം പോകില്ലെന്നാണ് ഭൂരിപക്ഷം പേരും കമന്റ് ചെയ്യുന്നത്. അതേസമയം കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനിയില്‍ മനം മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നാണ് പദ്മജ പ്രതികരിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നാണ് പത്മജ പറയുന്നത്. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം.

അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കും. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങള്‍ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here