തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനം. പത്മജയ്ക്കെതിരായ ആക്ഷേപത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. രാഹുലിന്റേത് അഹങ്കാരത്തിന്റെ സ്വരമെന്ന് ശൂരനാട് രാജശേഖരന്‍ കുറ്റപ്പെടുത്തി. പത്മജ പാര്‍ട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ല. പക്ഷെ അതിനോടുള്ള വിമര്‍ശനത്തില്‍ ലീഡര്‍ കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും ശൂരനാട് രാജശേഖരന്‍ വിമര്‍ശിച്ചു. വിഷയങ്ങള്‍ നേരത്തെ സംസാരിച്ച് തീര്‍ത്തതാണെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടാണ് കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എംഎം ഹസന്‍ സ്വീകരിച്ചത്.

ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വി ഡി സതീശനും വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് നേതാക്കള്‍ തയ്യാറായില്ല. ‘കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്, തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. കെ കരുണാകരന്‍ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും രാഹുല്‍ ചോദിച്ചിരുന്നു. രാഹുലിന്റെ പ്രതികരണത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മാത്രമാണ് പരസ്യമായി തള്ളിപ്പറഞ്ഞത്. പത്മജക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ കരുണാകരന്റെ ഭാര്യയെയാണ് അധിക്ഷേപിച്ചതെന്ന് കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.

വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസുകൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. തന്റെ അമ്മയെയാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ വന്നതോടെ ചില സംസ്‌കാരം തുടങ്ങിയെന്നും പത്മജ വിമര്‍ശിച്ചിരുന്നു. രാഹുല്‍ ടിവിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുല്‍ ജയിലില്‍ കിടന്നതെന്നും അതിന് പിന്നിലെ കഥകള്‍ എന്താണെന്നും തനിക്കറിയാമെന്നും തന്നെക്കൊണ്ട് തോണ്ടി തോണ്ടി ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ മുന്നറിയിപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here