തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നു. മാര്‍ച്ച് 30-ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പ്രചാരണം ഏപ്രില്‍ 22ന് അവസാനിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണ് ആദ്യ പ്രചാരണം. പൗരത്വഭേദഗതി നിയമത്തിനെതിരെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച ബഹുജന റാലികള്‍ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുക. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതിക്കെതിരെ റാലികള്‍ സംഘടിപ്പിച്ചത്.

കേരളം വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ പാര്‍ലമെന്റില്‍ നിശബ്ദരായി നിന്ന യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിതെന്ന് നേരത്തെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാന്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി കൈകോര്‍ത്ത് രംഗത്തിറങ്ങാനും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here