തിരുവനന്തപുരം: സി.പി.എമ്മിലെ തലമുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന് ഇടതുസർക്കാരിൽ എന്ത് സ്ഥാനമാണ് നൽകുന്നതെന്ന ആകാംക്ഷയ്ക്കും അഭ്യൂഹങ്ങൾക്കും അവസാനമാകുന്നു. കാബിനറ്റ് റാങ്കോടെ മന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസിന് നൽകാൻ പാർട്ടി തീരുമാനിച്ചു. പദവി ഏറ്റെടുക്കാൻ വി.എസും സമ്മതം അറിയിച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെ ചെയർമാൻ സ്ഥാനവും ഇതിനൊപ്പം വി.എസിന് നൽകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വി.എസിനെ ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്. പിണറായി വിജയനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ മുതൽവി.എസിന്റെ പദവി സംബന്ധിച്ച ചോദ്യവും അഭ്യൂഹവും പരന്നിരുന്നു.

ഇന്നലെ പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസിന് കൈമാറിയ കുറിപ്പ് അദ്ദേഹം വായിക്കുന്ന ചിത്രങ്ങളും അതിലെ വാചകങ്ങളും ചില മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കാബിനറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകൻ, ഇടതുമുന്നണി അദ്ധ്യക്ഷ പദം, സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തും എന്നായിരുന്നു ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിലെ വാചകങ്ങൾ.

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര നേതാക്കളും പദവി ഏറ്റെടുക്കണമെന്ന് നേരത്തെതന്നെ വി.എസിനോട് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോഴും യെച്ചൂരി ഇക്കാര്യം വി.എസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു,​ നേരത്തെ ഈ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ വി.എസ് സമ്മതിച്ചുവെന്നാണ് അറിയുന്നത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന പാർട്ടി പി.ബി യോഗത്തിലും അടുത്തയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here