തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി യോഗം തെരഞ്ഞെടുക്കും. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനും ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും നേതാക്കള്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. നിയമസഭാ കക്ഷി ഉപനേതാവിനെയും യോഗം തെരഞ്ഞെടുക്കും. എ ഗ്രൂപ്പില്‍ നിന്നുള്ള മുതര്‍ന്ന നേതാവ് കെസി ജോസഫ് പ്രതിപക്ഷ ഉപനേതാവാകും.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഷീലാ ദീക്ഷിത്ത്, ദീപക് ബാബ്‌റിയ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ലമെന്ററി പാര്‍ട്ടി ചേരുന്നത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. എങ്കിലും കോണ്‍ഗ്രസ് എംഎല്‍എ മാരുടെ മനസ്സറിയാന്‍ ഹൈക്കമാന്റ് പ്രതിനിധികള്‍ ഓരോരുത്തരുമായും ആശയവിനിമയം നടത്തും. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.

22 എംഎല്‍എ മാരില്‍ ഭൂരിഭാഗം പേരും ഐ ഗ്രൂപ്പുകാരാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മൂന്ന് നേതാക്കള്‍ക്കുമുണ്ടെന്നും പുതിയ നേതൃത്വം വരണമെന്നുമുള്ള അഭിപ്രായവും ശക്തമാണ്. എങ്കിലും നേതാക്കള്‍ അനൗദ്യോഗിക ധാരണയിലെത്തിയ സാഹചര്യത്തില്‍ മറ്റു നീക്കങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. പ്രതിപക്ഷ നേതാവ് തന്നെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്ന പതിവ് രീതി മാറ്റി ഉമ്മന്‍ചാണ്ടിയെ ആ സ്ഥാനത്ത് നിലനിര്‍ത്തുന്നതാണ് ഇപ്പോഴത്തെ സമവാക്യം.

LEAVE A REPLY

Please enter your comment!
Please enter your name here