ന്യൂദല്‍ഹി: കെപിസിസി പ്രസിഡന്റ് വി.എം സുധീരന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പൂര്‍ണ്ണ പിന്തുണ. ഇനിയും ഗ്രൂപ്പുകളി തുടരാനാഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ടി വിടാമെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ദല്‍ഹിയിലേക്ക് വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി താക്കീതു നല്‍കി. കേരളത്തിലെ ജംബോ കമ്മറ്റികള്‍ പിരിച്ചു വിടണമെന്നും രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചു. കാലങ്ങളായി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന എ,ഐ ഗ്രൂപ്പുകള്‍ക്ക് വലിയ തിരിച്ചടിയാണ് രാഹുല്‍ഗാന്ധിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ രാഹുല്‍ഗാന്ധി, തെരഞ്ഞെടുപ്പ് പരാജയത്തിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും പറഞ്ഞു. ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ല. തോല്‍വിയുടെ പേരില്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല.

തോല്‍വിയുടെ ഭാരം ആരിലെങ്കിലും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും ശരിയല്ല, സുധീരനെ സംരക്ഷിച്ചുകൊണ്ട് രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കി. നേരത്തെ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും സന്ദര്‍ശിച്ച് സുധീരനെതിരെ നിലപാട് അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണം സുധീരന്റെ നിലപാടുകളാണെന്നായിരുന്നു എ,ഐ ഗ്രൂപ്പുകളുടെ പക്ഷം. എന്നാല്‍ ഇതെല്ലാം രാഹുല്‍ഗാന്ധി ഇന്നലെ തള്ളി. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന ജംബോ കമ്മറ്റികള്‍ പിരിച്ചുവിടണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം എ, ഐ ഗ്രൂപ്പുകളുടെ ശക്തി ക്ഷയിപ്പിക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്പ്പുകളുണ്ടാകില്ലെന്നും രാഹുല്‍യോഗത്തില്‍ അറിയിച്ചു. സുധീരനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാട് രാഹുല്‍ഗാന്ധി ആമുഖ പ്രസംഗത്തില്‍ നടത്തിയതോടെ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ആരും പിന്നീട് ഉന്നയിച്ചില്ല.

ദല്‍ഹിയില്‍ രഖബ്ഗഞ്ച് റോഡിലെ 15ാം നമ്പര്‍ വസതിയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാര്‍റൂമില്‍ നടന്ന ഉന്നതയോഗത്തില്‍ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണ്ണര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here