കൊച്ചി: ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡയയില്‍ വ്യാജന്മാര്‍ പെരുകുന്നു. സിനിമാ താരങ്ങളുടെയും സ്‌പോര്‍ട്‌സ് താരങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകളിലാണ് വ്യാജ പ്രൊഫൈലുകള്‍ ഏറെയും. സാധാരണക്കാരും ഇത്തരം സൈബര്‍ ക്രിമിനലുകളുടെ പിടിയില്‍നിന്ന് മുക്തരല്ല. നടി കാവ്യ മാധവന്റെ വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീല ചിത്രങ്ങളും കമന്റും പ്രചരിപ്പിച്ചയാള്‍ പിടിയിലായതാണ് ഇത്തരത്തില്‍ ഏറ്റവും പുതിയ സംഭവം. പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് കാവ്യയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശിനു നേരിട്ട് പരാതി നല്‍കുകയായിരുന്നു കാവ്യ. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അരുള്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്.
നാലു വര്‍ഷമായി ഇയാള്‍ ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു വരികയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കാവ്യയുടെ പേരിലുള്ള പന്ത്രണ്ടോളം വ്യാജ പ്രൊഫൈലുകളാണ് കണ്ടെത്തിയത്. മറ്റ് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ്. എറണാകുളം പറവൂരില്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ വീട്ടമ്മയുടെ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ റോക്ക് ഗായകനെതിരേയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഇത്തരം സംഭവങ്ങളും വര്‍ധിക്കുന്നത് സൈബര്‍ സെല്ലിനു തന്നെ തലവേദനയായിരിക്കുകയാണ്.
മുന്‍പ് തൃശൂര്‍ എസ്പി ആര്‍. നിശാന്തിനി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ടിരുന്നു. കൊച്ചിയില്‍ ഡിസിപി ആയിരിക്കെ തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച നിശാന്തിനിയെ പിന്തുണയ്ക്കാനെന്ന പേരിലാണ് ഫെയ്‌സ്ബുക്കില്‍ പേജുണ്ടാക്കിയത്. ഇതിനെതിരേ നിശാന്തിനി തന്നെ മുന്നോട്ടു വരുകയായിരുന്നു. സൈബര്‍ സെല്ലിന് എസ്പി തന്നെ പരാതി കൊടുക്കേണ്ട ഗതികേടുണ്ടായി. അതിനു ശേഷം പേജ് അപ്രത്യക്ഷമാകുകയും ചെയ്തു. കൊച്ചി നഗരത്തില്‍ മാത്രം 2011ല്‍ ഇത്തരം 34 കേസുകളാണ് സെല്ലിനു ലഭിച്ചതെങ്കില്‍, 2012ല്‍ ഇത് 37, 2013ല്‍ 40, 2014ല്‍ 53, 2015ല്‍ 100 എന്നിങ്ങനെയാണ് പെരുകിയത്. മാനഹാനി ഭയന്ന് പരാതി നല്‍കാത്തവര്‍ ധാരാളമാണ് ഇപ്പോഴും. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍ ഇതിനു പുറമേയാണ്. ഫെയ്‌സ്ബുക്കിലൂടെ അപവാദപ്രചരണം നടത്തിയ കേസുകളാണ് ഭൂരിഭാഗവും. വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കുന്നത് മിക്കവാറും സ്ത്രീകളുടെ പേരിലായിരിക്കും. പ്രേമനൈരാശ്യം സംഭവിച്ചവരാണ് ഫെസ്ബുക്കിലൂടെ സ്ത്രീകള്‍ക്കെതിരേ വ്യാജപ്രചരണം നടത്തുന്നതില്‍ മുന്‍പന്തിയില്‍. ഇവരുടെ ചിത്രം സംഘടിപ്പിച്ച് അശ്ലീല സൈറ്റുകളില്‍ കോള്‍ ഗേളുകളുടെ പട്ടികയില്‍ ഇടുന്നവരുമുണ്ട്. ഇരയുടെ ഫോണ്‍ നമ്പറും ഇതില്‍ നല്‍കും.
ഫെയ്‌സ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് അതില്‍ ഫെയ്‌സ്ബുക്ക് ഉടമസ്ഥന്റെ പേരില്‍ വിവാദ പോസ്റ്റുകള്‍ ഇടുന്നതാണ് മറ്റു ചിലരുടെ വിനോദം. ഇതോടെ ഫെയ്‌സ്ബുക്ക് പേജുടമ കേസുകളിലും കുടുങ്ങും. സൈബര്‍ കേസുകളില്‍ ശക്തമായ നപടിയെടുക്കാന്‍ പൊലീസിനും കഴിയുന്നില്ലെന്നതാണ് വസ്തുത. സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ അധികൃതരില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കണം.
ഇതിനുള്ള കാലതാമസവും കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതും കുറ്റവാളികള്‍ക്കു തണലാവുകയാണ്. പാസ്വേര്‍ഡ് പരമാവധി സുരക്ഷിതമായി വയ്ക്കുകയാണ് ഇത്തരം ഹാക്കിങില്‍ നിന്നു രക്ഷപെടാനുള്ള വഴി. ഇടയ്ക്കിടെ പാസ്വേഡ് മാറുകയും വേണം. പ്രൊഫൈലുകളില്‍ നിങ്ങളുടെ വിവരങ്ങള്‍ പരമാവധി കുറച്ചു നല്‍കുക. ഫോണ്‍ നമ്പര്‍, വിലാസം എന്നിവ നല്‍കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here