തിരുവനന്തപുരത്ത്: എടിഎം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം തുടരുന്നു. വിദേശത്തുനിന്നും എത്തിയ സംഘമാണ് മെഷീനില്‍ യന്ത്രം സ്ഥാപിച്ചത്. വെറും രണ്ടേമുക്കാല്‍ ലക്ഷം രൂപ മാത്രമാണ് ഇവര്‍ക്കു തട്ടിയെടുക്കാനായത് എന്നും കണ്ടെത്തിക്കഴിഞ്ഞു. വിദേശികളായ മൂന്നുപേര്‍ എടിഎം കൗണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിനെത്തുടര്‍ന്ന അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൌണ്ടറിനകത്ത് കയറിയ മൂന്ന് പേരും മെഷിനില്‍ ഉപകരണം സ്ഥാപിക്കുന്നതിന്റേയും ക്യാമറ സ്ഥാപിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്കൗണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി പലര്‍ക്കും മെജെസ് ലഭിച്ചു. എടിഎം ഉപയോഗത്തിനുള്ള രഹസ്യ പിന്‍ നമ്പറും എടിഎം കാര്‍ഡ് വിവരങ്ങളും തട്ടിയെടുത്താണു കവര്‍ച്ച നടത്തിയിരിക്കുന്നതെന്നാണു പ്രാഥമിക വിവരം. മുംബൈയില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടതായാണു പലര്‍ക്കും ലഭിച്ചിരിക്കുന്ന മെസെജില്‍ പറയുന്നത്. നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിമ്മുകളില്‍നിന്നാണു പണം പോയത്. ഈ എടിഎമ്മുകളെല്ലാം ബാങ്ക് ശാഖയോടു ചേര്‍ന്നുള്ളതാണെന്നും പണം പോയവര്‍ പറയുന്നു.
50 ഓളം പേര്‍ ഇതിനോടകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലാണു പരാതിക്കാര്‍ ഏറെയും. ലക്ഷക്കണക്കിനു രൂപയാണ് അപഹരിക്കപ്പെട്ടത്. പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. ചില എടിഎമ്മുകളില്‍നിന്ന് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here