കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെ രണ്ട് മക്കളുടെ വീടുകളിലും ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. ഏഴോളം കേന്ദ്രങ്ങളിലാണ് പരിശോധന. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകളും ആസ്തിയും പരിശോധിക്കാനാണ് റെയ്ഡ്. അതിരാവിലെ തന്നെ വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം ഏഴോളം കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാബു നടത്തിയ ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

തൊടുപുഴയിലെ മകളുടെ വീട്ടിലും പാലാരിവട്ടത്തുള്ള മറ്റൊരു മകളുടെ വീട്ടിലും റെയ്ഡ് തുടരുകയാണ്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘമായാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കൂടാതെ ബാബുവിന്റെ അടുത്ത സുഹൃത്തുക്കളുടെയും ബിനാമികളെന്നു സംശയിക്കുന്നവരുടെയും വീടുകളിലും പരിശോധന നടത്തുന്നുണ്ട്. മോഹനന്‍ എന്നയാള്‍ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പണം എവിടെനിന്നു കിട്ടി, ബാബുവുമായുള്ള ബന്ധം എന്നിവയാണ് അന്വേഷിക്കുന്നത്.
മോഹനന്‍, ബാബുറാം എന്നിവര്‍ ബാബുവിന്റെ ബിനാമികളാണെന്നും എഫ്‌ഐആര്‍ പറയുന്നു. രാവിലെ ആറരയ്ക്കാണ് ബാബുവിന്റെ വീട്ടിലടക്കം വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. ബാബുവും ഭാര്യയും വീട്ടിലുണ്ട്. ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാമിന്റെ ഫിനാന്‍സ് സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്.

ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ ബാറുടമയും വ്യവസായിയുമായ വിഎം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ തെളിവു നല്‍കിയിരുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തിയതിന്റെ തെളിവുകളാണ് നല്‍കിയിരുന്നത്. ഇതില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇഷ്ടക്കാര്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ കെ ബാബു വഴിവിട്ട് ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ബാര്‍ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മിഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനാണെന്നും പറയുന്നു.
ബാര്‍ അഴിമതിക്കേസില്‍ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്.

ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യം കേസ് എടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here