സ്വന്തം ലേഖിക
ആശ്രിതനിയമനത്തിനെതിരേ വ്യവസായമന്ത്രി ഇ.പി ജയരാജനെതിരേ വിജിലന്‍സ് ത്വരിത പരിശോധനയ്‌ക്കൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ബന്ധുനിയമത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ത്വരിതാന്വേഷണം നടത്തി ഇ.പി ജയരാജനെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യം. ഇതിന്റെയടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ് വിജിലന്‍സ്.സംഭവത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ വിജിലന്‍സിന്റെ വിശ്വാസ്യത തകരുമെന്ന നിലപാടിലാണ് വിജിലന്‍സ്. അതിനാല്‍ പൂജാ അവധി കഴിഞ്ഞ് നിയമോപദേശം ലഭിച്ച ശേഷം നടപടികള്‍ തുടങ്ങാനാണ് വിജിലന്‍സ് പക്ഷം. എന്നാൽ ഈ വിഷയത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത് .

” ബന്ധു നിയമന വിവാദത്തില്‍ ബാക്കിയുളളവരെ പഴിചാരി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശാസിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലിത്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. ഇതു പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ജയരാജന്‍ തുടരണോയെന്നു പാര്‍ട്ടി തീരുമാനിക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും. ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്വം പിണറായിക്ക് തന്നെയാണ്. അദ്ദേഹം പറഞ്ഞു.അഴിമതി നിരോധന നിയമപ്രകാരം താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷ. വിജിലന്‍സ് ഡയറക്ടര്‍ മഞ്ഞക്കാര്‍ഡും പച്ചക്കാര്‍ഡും കാണിക്കേണ്ട ആളല്ലേ, അപ്പോള്‍ തീര്‍ച്ചയായും അദ്ദേഹം നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പി.കെ ശ്രീമതിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പാര്‍ട്ടിയുടെ തീരുമാന പ്രകാരമല്ല എന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മന്ത്രി ഇ.പി ജയരാജന്റെ നടപടി അഴിമതി നിരോധന വകുപ്പ് അനുസരിച്ച് കുറ്റം ചെയ്തു എന്ന് ബോധ്യമാകുന്നതാണ്. അതുകൊണ്ട് തന്നെ ജയരാജന് ധാര്‍മ്മികമായി മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അഴിമതിക്കെതിരെ വോട്ടു നേടി വന്നവരാണെന്നാണ് അവര്‍ പറയുന്നത്. ഇന്നു വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു വച്ചിരിക്കുന്ന ആളുകളുടെ യോഗ്യത പരിശോധിക്കപ്പെടണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒരു കരിയില പോലും അനങ്ങില്ല. അദ്ദേഹം അറിയാതെ സംഭവിച്ചുവെന്നതു കാപട്യമാണ്. അതു കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here