ആര്‍.എസ്.എസിന്റെ പരമ്പരാഗത യൂണിഫോമായ കാക്കി ട്രൗസര്‍ ഇന്ന് മുതല്‍ തവിട്ട് നിറത്തിലുള്ള പാന്റിലേക്ക് മാറി.90 വര്‍ഷത്തെ പാരമ്പര്യത്തില്‍ നിന്നും മാറിയാണ് ആർ എസ് എസ് പുതിയ തീരുമാനം കൈകൊണ്ടത്.യൂണിഫോം മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ 2009 ഓടെ തുടങ്ങിയിരുന്നെങ്കിലും 2015 ലാണ് അന്തിമ തീരുമാനത്തിലെത്തിയത്.

വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതോടെ തവിട്ട് നിറത്തിലുള്ള പാന്റ് ആര്‍.എസ് എസിന്റെ ഔദ്യോഗിക വേഷമായി.നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. തവിട്ടുനിറത്തിലുള്ള പാന്റ്‌സിനൊപ്പം വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും കറുത്തതൊപ്പിയും കുറുവടിയുമായിരിക്കും ഇനി ആര്‍.എസ്.എസിന്റെ യൂണിഫോം.

കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനിലെ നാഗൂറില്‍ നടന്ന ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭ യോഗത്തിലാണ് യൂണിഫോം മാറ്റാന്‍ തീരുമാനമുണ്ടായത്. ഗണവേഷമായി ട്രൗസര്‍ ഉപയോഗിക്കുന്നത് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന നിഗമനത്തിലാണ് പുതിയ വേഷം നടപ്പിലാക്കിയത്.

ഇതിനകം എട്ടു ലക്ഷം പാന്റുകള്‍ രാജ്യവ്യാപകമായി വില്‍പന നടത്തി. ഇതില്‍ ആറു ലക്ഷം തയ്പ്പിച്ചതും രണ്ടു ലക്ഷം തുണികളായുമാണ് നല്‍കിയതെന്ന് ആര്‍.എസ്.എസ് ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here