കണ്ണൂര്‍ എം.പി സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പി.കെ. ശ്രീമതി നേതൃത്വത്തിന് കത്ത് നല്‍കി. സി പി എം അംഗീകരിക്കാനിടയില്ലാത്ത ഈ ആവശ്യം കേന്ദ്ര കമ്മിറ്റിയില്‍ ബന്ധുനിയമന വിവാദം വരുമ്പോള്‍ അച്ചടക്കനടപടി മയപ്പെടുത്താനുള്ള തന്ത്രമാണെന്ന് പറയുന്നു.

ബന്ധുനിയമന വിവാദത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം എന്നനിലയില്‍ പി.കെ. ശ്രീമതികൂടി പങ്കാളിയായ വിഷയത്തില്‍ പാര്‍ട്ടിയുടെ അച്ചടക്കനടപടി ഇനി എന്താവണമെന്നതില്‍ എങ്ങും ആകാംക്ഷയാണ്. ഇ.പി. ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് സമ്മതിച്ചുവെന്ന നിലയിലാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ രാജിതീരുമാനം വിശദീകരിച്ചിരുന്നത്. എന്നാല്‍, താന്‍ നിയമപരമായേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്ന് ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മകനെ നിയമിക്കാന്‍ പി.കെ. ശ്രീമതി സമര്‍ദംചെലുത്തിയെന്ന് തന്റെ ഭാര്യാസഹോദരിയായ ശ്രീമതിക്കെതിരെ ജയരാജന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലോ കേന്ദ്ര കമ്മിറ്റിയിലോ വാദിക്കാനിടയില്ല. അതുകൊണ്ടാണ് താന്‍ നിയമപരമായേ പ്രവര്‍ത്തിച്ചുള്ളൂവെന്ന് ജയരാജന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

പക്ഷേ, കേന്ദ്ര കമ്മിറ്റി അംഗമെന്നനിലയില്‍ ശ്രീമതിക്ക് സ്വയം ഉത്തരവാദിത്തമുണ്ടെന്ന നിലയിലാണ് പാര്‍ട്ടിനേതൃത്വം ഇതുസംബന്ധിച്ച് സംസാരിച്ചത്. വിഷയത്തെക്കുറിച്ച് പാര്‍ട്ടിതലത്തിലുള്ള അന്വേഷണവും പൂര്‍ത്തിയാകാനുണ്ട്. അതിന് മുമ്പുതന്നെ ശ്രീമതി രാജിവെക്കണമെന്ന ആവശ്യം മുന്നണിക്ക് പുറത്തുനിന്ന് ഉയര്‍ന്നിരുന്നു. ഇതേ നിലപാട് പാര്‍ട്ടിയിലെ താഴെതട്ടില്‍നിന്ന് ചിലര്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീമതി എം.പിസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചത്.

ശ്രീമതിയുടെ മകന് നിയമനം കിട്ടാന്‍ യോഗ്യതയുണ്ടെന്നാണ് വാദം. യോഗ്യതയുണ്ടെങ്കില്‍ നേതാവിന്റെ ബന്ധുവെന്നത് തെറ്റാണോ എന്നതും പ്രസക്തമാണ്. പക്ഷേ, മന്ത്രിയായിരുന്നപ്പോള്‍ മകന്റെ ഭാര്യയെ നിയമിച്ചതിനെ മുന്‍ മന്ത്രിയെന്ന നിലയില്‍ ന്യായീകരിച്ച് ശ്രീമതി ഫേസ്ബുക് പോസ്റ്റ് ഇറക്കിയതാണ് വലിയ ആക്ഷേപമായത്. തന്റെ ഫേസ്ബുക് പേജില്‍ പാര്‍ട്ടി അനുഭാവികളായ ചിലര്‍ പരസ്യമായി വിമര്‍ശിച്ച് പ്രതികരണം പോസ്റ്റ് ചെയ്തപ്പോഴാണ് വിശദീകരണം നല്‍കേണ്ടിവന്നതെന്ന് പിന്നീട് കണ്ണൂര്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി വിശദീകരിച്ചിരുന്നു.

ജയരാജനും ശ്രീമതിക്കുമെതിരെ രൂക്ഷമായ നടപടി സ്വീകരിക്കാനുള്ള ‘കുറ്റപത്രം’ സംസ്ഥാന കമ്മിറ്റി കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കാനിടയില്ല. വി.എസിനെ സന്തോഷിപ്പിക്കുന്ന അത്തരമൊരു കാര്‍ക്കശ്യം ഉണ്ടാവാനിടയില്ല. പാര്‍ട്ടി അച്ചടക്ക നടപടിയില്ലാതെ വിവാദ വിഷയത്തെക്കുറിച്ച നടപടി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മുറുമുറുപ്പ് രൂക്ഷമാകും.

പി.കെ. ശ്രീമതി അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇത്തരമൊരു സീറ്റില്‍ രാജിവെക്കുക എന്നത് ബുദ്ധിപരമല്ല എന്ന നിലപാടേ കേന്ദ്ര കമ്മിറ്റി സ്വീകരിക്കാനിടയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here