ഏറ്റവും മികച്ച കളക്ഷൻ റിക്കാർഡുമായി മുന്നേറുന്ന പുലിമുരുകൻ ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ ഇന്നലെ പ്രദർശനത്തിനെത്തി ഇതോടെ നഗരത്തിൽ മലയാളികൾ ഒഴുകി എത്തി.മൂന്നാഴ്ചകൊണ്ട് അറുപത് കോടിയിലേറെ വാരിക്കൂട്ടിയ മുരുകൻ ബ്രിട്ടനിൽനിന്നും കോടികൾ കൊയ്യുമെന്ന് ഇതൊടെ ഉറപ്പായി.

ഈയാഴ്ച മുഴുവൻ സ്കൂൾ അവധിയായത് മലയാളികൾക്ക് കുടുംബസമേതം തിയറ്ററുകളിൽ എത്താൻ സൗകര്യമായി. ലണ്ടനിലെ (ഈസ്റ്റ്ഹാം), മാഞ്ചസ്റ്റർ, ബർമിംങ്ങാം, കവൻട്രി എന്നിവിടങ്ങളിലാണ് ഇന്നലെമുതൽ ചിത്രത്തിന്റെ അഡ്വാൻസ് സ്ക്രീനിങ് ആരംഭിച്ചത്. ബ്രിട്ടണിലെ മറ്റു നൂറോളം തിയറ്ററുകളിലും 12 യൂറോപ്യൻ രാജ്യങ്ങളിലും നവംബർ നാലു മുതലാണ് പ്രദർശനം.

ലണ്ടൻ ആസ്ഥാനമായുള്ള പി.ജെ. എന്റർടൈൻമെന്റ്സ് ആണ് യൂറോപ്പിൽ ചിത്രം പ്രദർശനത്തിനെത്തിയത്.ബ്രിട്ടനൊപ്പം ജർമനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഹോളണ്ട്, ബൽജിയം, മാൾട്ട, പോളണ്ട്, ഓസ്ട്രിയ,സ്വീഡൻ, ഡെന്മാർക്ക്, നോർവേ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും നവംബർ നാലുമുതൽ പുലിമുരുകൻ എത്തും. യൂറോപ്പിലാകെ നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിക്കുക. മലയാളം സിനിമയുടെ ചരിത്രത്തിലെ യൂറോപ്പിലെ ഏറ്റവും വലിയ റിലീസിങ്ങാകും ഇത്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് ചിത്രത്തിന്റെ പ്രദർശനം.

ചൊവ്വാഴ്ച മുതൽ ചിത്രത്തിന്റെ അഡ്വാൻസ് സ്ക്രീനിംങ് ബ്രിട്ടനിൽ നാലിടങ്ങളിൽ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സർട്ടിഫിക്കേഷൻ നടപടികൾ വൈകിയതിനാൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു. മോഹൻലാലിന്റെ ദൃശ്യം സിനിമ കാണാൻ മലയാളികൾ കൂട്ടത്തോടെ തിയറ്ററുകളിൽ ഒഴുകിയെത്തിയത് ബ്രിട്ടണിൽ തിയറ്റർ ഉടമകളെപോലും അതിശയിപ്പിച്ചിരുന്നു.ഇതിനെ കടത്തിവെട്ടുന്ന പ്രേക്ഷകപ്രതികരണമാണ് പുലിമുരുകനിൽ പ്രതീക്ഷിക്കുന്നത്.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒക്ടോബർ എഴിന് 325 സ്ക്രീനിൽ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം നേടിയത് 4.05 കോടിയാണ്. ഒരാഴ്ചകൊണ്ട് 25 കോടി കൊയ്ത സിനിമ മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായി മാറാനുള്ള കുതിപ്പിലാണ്. 70 കോടിയായിരുന്നു മോഹൻലാലിന്റെ ദൃശ്യം വാരിക്കൂട്ടിയത്. ഈ റിക്കാർഡ് പുലിമുരുകനു മുന്നിൽ വഴിമാറുമെന്ന് ഉറപ്പാണ്. ഓവർസീസ്, സാറ്റലൈറ്റ് റൈറ്റുകൾ ഓഡിയോ, വിഡിയോ റൈറ്റ് എന്നിവയിലൂടെ 15 കോടിയോളം രൂപ പുലിമുരുകൻ നേടിയതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here