നോട്ട് പ്രതിസന്ധി ശബരിമല തീര്‍ഥാടകരെ കുഴയ്ക്കുന്നു. പഴയ നോട്ടുകള്‍ അസാധുവാക്കിയത് ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. ഇവര്‍ ഒരു തവണയെങ്കിലും പരമാവധി നോട്ടുകള്‍ മാറിയിട്ടാണ് ശബരിമലയില്‍ എത്തുന്നത്.

ഇവിടെത്തി വീണ്ടും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതര സംസ്ഥാനക്കാരുടെ വരവില്‍ ഇത്തവണ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് ശബരിമല വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

സന്നിധാനത്ത് മൂന്ന് എ.ടി.എം കൗണ്ടറുകളാണ് ആകെയുള്ളത്. ഇതില്‍ ചിലത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ട്. ഇവയില്‍ പണമില്ലാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കണമെന്നാണ് ഭക്തരുടെ ആവശ്യം. അതിനിടെ പമ്പയിലെ മൊബൈല്‍ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തിച്ചത് അനുഗ്രഹമായെന്ന് ഭക്തര്‍ അഭിപ്രായപ്പെട്ടു. അപ്പം-അരവണ കൗണ്ടറുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു.

ഇവിടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയോഗിക്കാമെങ്കിലും കാര്‍ഡുകള്‍ ഇല്ലാതെ ചില്ലറയെ ആശ്രയിക്കുന്നവര്‍ പ്രശ്‌നത്തിലാകുന്നു. അതേസമയം, പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ കാണിക്കയായി സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് ദേവസ്വം അറിയിച്ചത്. ഇത് പറയുമ്പോഴും അസാധുവാക്കിയ നോട്ടുകള്‍ അധികമായി എത്തുന്നില്ലെന്ന് ബോര്‍ഡ് അധികൃതര്‍തന്നെ വ്യക്തമാക്കുന്നു. നോട്ടുകള്‍ക്കു പകരം ചില്ലറയാണ് കാണിക്കയില്‍ അധികവും. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതിലും കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതും വരുമാനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തെ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. തീര്‍ഥാടകര്‍ കുറവായതിനാല്‍ അപ്പം, അരവണ കൗണ്ടറുകള്‍ക്കു മുമ്പില്‍ തിരക്ക് കുറവാണ്. അവധി ദിവസമായതിനാല്‍ നാളെയും മറ്റന്നാളും തിരക്കു കൂടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഒരിടത്തും പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതും തീര്‍ഥാടകരെ വലയ്ക്കുന്നു. നോട്ടു ക്ഷാമത്തെ തുടര്‍ന്ന് കടകളിലെ തിരക്കിനും ക്രമാതീതമായി കുറവു വന്നു. പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡാണ് കടകളുടെ മുമ്പില്‍ തീര്‍ഥാടകരെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here