തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭ്യമാക്കാൻ സർവകക്ഷി യോഗത്തിൽ ധാരണ. പ്രോക്സി വോട്ട് ‌രീതി വേണ്ടെന്നും ഇ–വോട്ടിങ് നടപ്പാക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ ഇ–വോട്ടിങ്ങിന്റെ ദുരുപയോഗ സാധ്യതകളും സാങ്കേതികവശങ്ങളും പരിശോധിക്കാൻ ഒരാഴ്ചത്തെ സമയം വേണമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ഇടതുനിലപാടു കൂടി അനുകൂലമായാൽ സർക്കാർ തുടർനടപടികൾക്കായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു നിർദേശം നൽകും. ‌പ്രവാസികൾക്കു വോട്ടവകാശം സുപ്രിംകോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഏതുരീതിയിൽ വോട്ടവകാശം നൽകണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിൽ പ്രവാസികൾക്കു വോട്ടവകാശം നൽകാൻ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. കേരളം ഇക്കാര്യത്തിൽ രാജ്യത്തിനു വഴികാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് തപാൽ വോട്ടിങ് ഏർപ്പെടുത്താനാണു കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നാണു സൂചന. പല വിദേശരാജ്യങ്ങളിലും ഓൺലൈൻ വോട്ട് സംവിധാനം നിലവിലുണ്ട്. ഇ–വോട്ടിന് സർവകക്ഷിയോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ തയാറാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചതായി മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മന്ത്രിമാരായ എം.കെ. മുനീർ, മഞ്ഞളാംകുഴി അലി എന്നിവർക്കൊപ്പം കമ്മിഷനുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

ചർച്ചയുടെ ആദ്യഘട്ടത്തിൽ വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾ നേരിട്ടെത്തി വോട്ട് ചെയ്യണമെന്ന നിലപാടാണ് എൽഡിഎഫ് നേതാക്കളായ എ.കെ. ബാലനും മാത്യു.ടി. തോമസും സ്വീകരിച്ചത്. ഇ–വോട്ടും പ്രോക്സി വോട്ടും തമ്മിൽ വ്യത്യാസമില്ലെന്നും ഇവ രണ്ടും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, വോട്ടറുടെ അറിവോടെയല്ലാതെ ഇ–വോട്ട് ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയെങ്കിലും പ്രവാസികൾക്കു പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൾഫിലും മറ്റും താഴേക്കിടയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഓൺലൈൻ ആയി ഇ–വോട്ടിനുള്ള സാഹചര്യമുണ്ടാകില്ലെന്ന ആശങ്കയും യോഗത്തിൽ ഉയർന്നു. എന്നാൽ, മൊബൈൽ ഫോൺ വഴി വോട്ട് ‌രേഖപ്പെടുത്താനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നു മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദൻ, മന്ത്രി കെ.പി. മോഹനൻ, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, കെ. മുഹമ്മദുണ്ണി ഹാജി എംഎൽഎ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. D

തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയും

∙ ഇ–വോട്ടിങ് നടപ്പിലായാൽ കേരളത്തിലെ തിരഞ്ഞെടുപ്പു ചിത്രം മാറിമറിയും. സംസ്ഥാനത്തു നിലവിലുള്ളത് 2.43 കോടി വോട്ടർമാരാണ്. പ്രവാസികൾക്കു വോട്ടവകാശം നൽകുന്നതോടെ ഇത് 2.65 കോടിക്കു മുകളിലെത്തും. നേരത്തെ പ്രവാസികൾക്കു നേരിട്ടെത്തി വോട്ട് ചെയ്യാൻ അവസരം നൽകിയെങ്കിലും വോട്ടർ പട്ടികയിൽ പേരുചേർത്തത് 13,000 പേർ മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ പ്രവാസി സർവേ പ്രകാരം കേരളത്തിൽ നിന്നു വിദേശത്തുപോയി ജോലി ചെയ്യുന്ന 17 ലക്ഷം പേരാണുള്ളത്. എന്നാൽ, സിഡിഎസിന്റെ സർവേ പ്രകാരം ഇത് 24 ലക്ഷമാണ്. കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനത്തിലും ശരാശരി ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ വോട്ടുകൾ വർധിക്കും. മലബാറിൽ പ്രവാസി വോട്ടുകളുടെ എണ്ണം ഇതിലും കൂടും.

∙ ഇ–വോട്ടിനു സർവകക്ഷിയോഗം അംഗീകാരം നൽകിയാൽ സംസ്ഥാന സർക്കാർ ഇക്കാര്യം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കും. ∙ പ്രവാസികൾക്കു വോട്ടവകാശം നൽകുന്നതിനായി തദ്ദേശസ്ഥാപന നിയമം ഭേദഗതി ചെയ്തുകഴിഞ്ഞു. ഇനി ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ∙ പ്രവാസികൾക്കു പാസ്പോർട്ട് അടിസ്ഥാനരേഖയാക്കി ഓൺലൈൻ ആയി വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവസരം നൽകും. ∙ പരിശോധനകൾക്കു ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെടുന്ന പ്രവാസികൾക്കു തിരഞ്ഞെടുപ്പു കമ്മിഷൻ കോഡ് നമ്പർ നൽകും. ∙തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽ ഈ കോഡ് നമ്പർ ഉപയോഗിച്ചു പ്രവേശിച്ചു വോട്ട് ‌രേഖപ്പെടുത്താം. ∙ കോഡ് നമ്പരിന്റെ അടിസ്ഥാനത്തിൽ അതതു വാർഡുകളിലെ ബാലറ്റ് യൂണിറ്റ് ലഭിക്കും. ∙ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ലോകത്തെവിടെ നിന്നും ഓൺലൈൻ ആയി വോട്ട് ചെയ്യാം.

∙ തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകിയാലും കേന്ദ്രസർക്കാരിന്റെ അംഗികാരം ലഭിച്ചാൽ മാത്രമേ നിയമസഭാതിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഇ വോട്ടവകാശം വിനിയോഗിക്കാനാകൂ

LEAVE A REPLY

Please enter your comment!
Please enter your name here